ചാനൽ ചർച്ചകളിൽ ചരിത്രബോധമില്ലാതെയാണ് മാദ്ധ്യമപ്രവർത്തകർ പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത് പണിക്കർ ഫെയ്സ്ബുക്കിൽ കുറിച്ച അഭിപ്രായത്തിൽ ചർച്ചകൾ നടക്കുകയാണ്. മാധ്യമ പ്രവർത്തകർക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാകുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ അവർക്ക് ചരിത്രബോധം ഉണ്ടാകണം. നല്ല വായന ഉണ്ടാകണം. വിവരക്കേട് വിളിച്ചു പറയരുതെന്നും ശ്രീജിത് പണിക്കർ ഫെയ്സ്ബുക്കിൽ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ആർഎസ്എസിനെ എതിർക്കാം. ഹെഡ്ഗേവാറിനെ വിമർശിക്കാം. ഒരു കുഴപ്പവുമില്ല. പക്ഷെ ചരിത്ര വസ്തുതകളെ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയും മണ്ടത്തരവുമാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.
ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ലക്ഷ്മി പദ്മ എന്നൊരു മാധ്യമ പ്രവർത്തക. പുതിയൊരു ചാനലിലെ അവതാരകയാണ്. അതിലെ ഒരു ചർച്ചയിൽ ആൾ ഒരു പാനലിസ്റ്റിനോട് ആവർത്തിച്ച് ചോദിച്ച ഒരു ചോദ്യം:
“ക്വിറ്റ് ഇന്ത്യ സമരം നടക്കുമ്പോൾ ഹെഡ്ഗേവാർ എവിടെ ആയിരുന്നു?”
ക്വിറ്റ് ഇന്ത്യ സമരം നടക്കുന്നത് 1942ൽ. ഹെഡ്ഗേവാർ മരിക്കുന്നത് 1940ൽ. എന്ത് മറുപടിയാവും അവതാരക പ്രതീക്ഷിച്ചത്?
അടുത്ത ചോദ്യവും കൊള്ളാം:
“നിസ്സഹകരണ സമരം നടക്കുമ്പോൾ ഹെഡ്ഗേവാർ എവിടെ ആയിരുന്നു?”
നിസ്സഹകരണ സമരങ്ങൾ നടന്നത് 1919-1922 കാലത്താണ്. അക്കാലത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന അദ്ദേഹം നാഗ്പൂരിൽ നിസ്സഹകരണ സമരങ്ങൾ നയിച്ചു. പ്രകോപനപരമായ രണ്ട് പ്രസംഗങ്ങളുടെ പേരിൽ ബ്രിട്ടീഷ് രാജിനെതിരായ ദേശദ്രോഹ കേസിൽ പെട്ടു. വിശദീകരണം ആരാഞ്ഞ ബ്രിട്ടീഷ് ജഡ്ജിന് നൽകിയ മറുപടി കേട്ടയുടൻ ആ വിശദീകരണമാണ് കൂടുതൽ ദേശദ്രോഹപരം എന്നുവിധിച്ച് ഒരു വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ജയിൽ മോചിതനായ അദ്ദേഹത്തിന് നൽകിയ സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ഹക്കീം അജ്മൽ ഖാനും ജവഹർലാൽ നെഹ്രുവിന്റെ പിതാവ് മോത്തിലാൽ നെഹ്രുവും ആയിരുന്നു.ചരിത്രത്തെ കുറിച്ചും ചോദിക്കുന്ന വിഷയത്തെ കുറിച്ചും യാതൊരു ധാരണയും തയ്യാറെടുപ്പും ഇല്ലാത്തവർക്ക് എങ്ങനെ മാധ്യമ പ്രവർത്തകർ ആകാൻ കഴിയുന്നു. കഷ്ടം തന്നെ!
ഇതേ വിഷയത്തിൽ ശ്രീജിത് പണിക്കരുടെ രണ്ടാമത്തെ പോസ്റ്റ്
ഹെഡ്ഗേവാർ വിഷയത്തിൽ ലക്ഷ്മി പദ്മ എന്ന മാധ്യമ പ്രവർത്തകയുടെ വിശദീകരണം കണ്ടു. എന്താ തമാശ!
ഒരു മാധ്യമ പ്രവർത്തകയ്ക്ക് അവശ്യം വേണ്ട ഒന്നാണ് ചരിത്രബോധം എന്ന് അവരോട് ആവർത്തിച്ചു പറയേണ്ടി വരുന്നു.
ആർഎസ്എസ് സ്ഥാപിച്ചു എന്നതിലുപരി ഹെഡ്ഗേവാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനായി എന്തെങ്കിലും ചെയ്തെന്ന് എത്ര ചരിത്രം പരിശോധിച്ചാലും പിടി കിട്ടില്ലെന്നാണ് അവർ പറയുന്നത്. മിനിമം ചരിത്രവായന ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം മരിച്ച വർഷമെങ്കിലും പിടി കിട്ടിയേനേ. അതുപോലും അറിയാതെ അബദ്ധം ചോദിച്ചതു കൊണ്ടാണ് ഇങ്ങനെ പോസ്റ്റിട്ട് ന്യായീകരിക്കേണ്ടി വരുന്നത്. എന്തായാലും ആ തെറ്റ് സമ്മതിച്ചതിനെ അംഗീകരിക്കുന്നു.
തന്റെ അറിവിൽ ഹെഡ്ഗേവാർ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
എന്നാൽ ആ അറിവും തെറ്റാണ്.
രണ്ടു തവണയായി 21 മാസം, അഥവാ 1 വർഷം 9 മാസമാണ് ഹെഡ്ഗേവാർ തടവുശിക്ഷ അനുഭവിച്ചത്.
എന്നിട്ടും എന്താണ് ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു വേണ്ടി ചെയ്തതെന്നാണ് അവർ ചോദിക്കുന്നത്! സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തമാണ് അദ്ദേഹത്തിന്റെ സംഭാവന. അതിന്റെ പേരിലാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. അല്ലാതെ ബൈക്കിൽ ട്രിപ്പിൾസ് അടിച്ചതിന്റെ പേരിലല്ല.
അനുശീലൻ സമിതിയിലെയും യുഗന്തറിലെയും വിപ്ലവ പ്രവർത്തനം, ബ്രിട്ടീഷ് രാജിനെതിരായ പ്രസംഗങ്ങൾ, നിരോധിത ലഘുലേഖാ നിർമാണം, സ്വദേശി പ്രചരണം, ഹോം റൂൾ പ്രസ്ഥാനത്തിലെ വോളണ്ടറി പ്രവർത്തനം, ബ്രിട്ടീഷ് കോടതി അലക്ഷ്യം, നാഗ്പൂരിലെ നിസ്സഹകരണ സമരങ്ങൾ, ആർഎസ്എസ് സ്ഥാപിച്ച ശേഷം ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തിലെ പങ്കാളിത്തം, സിവിൽ നിയമലംഘനത്തിലെ പങ്ക്, വനസത്യാഗ്രഹത്തിലെ സാന്നിധ്യം ഇതൊക്കെയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഇതിന്റെ പേരിലാണ് മേല്പറഞ്ഞ ജയിൽ ശിക്ഷകൾ അനുഭവിച്ചതും.
സ്വാതന്ത്ര്യ സമരത്തിന് യാതൊരു സംഭാവനയും നൽകാത്ത ഒരാൾക്ക് പരസ്യ സ്വീകരണം ഒരുക്കുകയും പ്രസംഗിക്കുകയും ചെയ്യാൻ മോത്തിലാൽ നെഹ്രുവും കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഹക്കീം അജ്മൽ ഖാനുമൊക്കെ ചുമ്മാതിരുന്ന് ഈച്ചയടിക്കുന്നവർ ആയിരുന്നില്ലല്ലോ.
മാധ്യമ പ്രവർത്തകർക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാകുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ അവർക്ക് ചരിത്രബോധം ഉണ്ടാകണം. നല്ല വായന ഉണ്ടാകണം. വിവരക്കേട് വിളിച്ചു പറയരുത്. ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോഴും ആ വിവരക്കേട് സങ്കോചമില്ലാതെ ആവർത്തിക്കരുത്. ഇത് ഇന്ന് നമ്മുടെ നാട്ടിലെ ഒരു ജേണലിസ്റ്റിക് ടെംപ്ലേറ്റ് ആയി മാറിയിട്ടുണ്ട്.
ആർഎസ്എസിനെ എതിർക്കാം. ഹെഡ്ഗേവാറിനെ വിമർശിക്കാം. ഒരു കുഴപ്പവുമില്ല. പക്ഷെ ചരിത്ര വസ്തുതകളെ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയും മണ്ടത്തരവുമാണ്.
താങ്കളുടെ ചരിത്രബോധം ലോകത്തിനു മുന്നിൽ അനാവൃതമായ സ്ഥിതിക്ക് ഇനിമേലിൽ ഇതൊരു പാഠമാകട്ടെ. തെറ്റുകൾ തിരുത്തി, വിശാല വായനയിൽ നിന്ന് അറിവ് സമ്പാദിച്ച്, മികച്ച മാധ്യമ പ്രവർത്തകയായി വളർന്നു വരൂ. ആശംസകൾ!
Discussion about this post