അമരാവതി: ആന്ധ്രാപ്രദേശിൽ ഹിന്ദുയുവാവിനെ വിവാഹം കഴിച്ച യുവതിയെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നവവധു യാസ്മിൻ ബാനു (23) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന് ഭർത്താവ് ആരോപിച്ചു.
മൂന്നുമാസം മുൻപാണ് കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് സായി തേജയും യാസ്മിനും വിവാഹിതരായത്. യാസ്മിന്റെ കുടുംബം ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. വിവാഹം കഴിഞ്ഞയുടൻ ദമ്പതികൾക്ക് പോലീസ് സംരക്ഷണം തേടിയിരുന്നു. യുവതിയുടെ മാതാപിതാക്കൾക്ക് പോലീസ് കൗൺസലിംഗ് നൽകി. ഇരുവർക്കും പ്രായപൂർത്തിയായതാണെന്ന് സ്ഥിരീകരിച്ചശേഷം യാസ്മിനെ തേജയ്ക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഭാര്യയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും സായി തേജ ആരോപിച്ചു.
വിവാഹശേഷം ഭാര്യയുടെ മൂത്ത സഹോദരിയും സഹോദരനും നിരന്തരം അവളെ വിളിച്ചിരുന്നു. മരിക്കുന്നതിന് മുൻപും കുടുംബം അവളെ ബന്ധപ്പെട്ടു. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വരണമെന്നും ആവശ്യപ്പെട്ടു. ഭാര്യ പോയി അരമണിക്കൂറിന് ശേഷം വിളിച്ചപ്പോൾ ബന്ധുവാണ് ഫോണെടുത്തത്, അവൾ ആശുപത്രിയിലാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് സായി തേജ പറയുന്നു. ദുരഭിമാനക്കൊലയാണിതെന്നും ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ യാസ്മിന്റെ കുടുംബ് ശ്രമിക്കുകയാണെന്നും സായി തേജ ആരോപിച്ചു.
Discussion about this post