ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ആവശ്യപ്പെട്ടതായി ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. ഡിജിറ്റലൈസേഷനിലും മൊബിലിറ്റിയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ചർച്ച നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ക്വാണ്ടം സാങ്കേതികവിദ്യകൾ, 5G/6G, കൃത്രിമബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു ഭരണാധികാരികളും ഉറപ്പിച്ചു വ്യക്തമാക്കി.
“പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ഫലപ്രദമായ ഒരു സംഭാഷണം നടത്തി. യൂറോപ്യൻ യൂണിയനിലെ ഒരു പ്രധാന പങ്കാളി രാജ്യമാണ് ഫിൻലാൻഡ്. ഞങ്ങളുടെ ബന്ധം ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉക്രെയ്നിലെ സാഹചര്യം ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഞങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറി,” എന്നാണ് ഫിൻലാൻഡ് പ്രസിഡണ്ടുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും പരസ്പര പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള ഫിൻലാൻഡിന്റെ പിന്തുണ പ്രസിഡന്റ് സ്റ്റബ് പ്രകടിപ്പിച്ചു. “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നല്ലൊരു ഫോൺ സംഭാഷണം നടന്നു. ഉഭയകക്ഷി ബന്ധങ്ങൾ, ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണ യുദ്ധം, ഭൂരാഷ്ട്രീയ മാറ്റങ്ങളും ബഹുരാഷ്ട്ര സംവിധാനത്തിൽ അവയുടെ പ്രത്യാഘാതങ്ങളും എന്നിവ ഞങ്ങൾ ചർച്ച ചെയ്തു. ഈ പ്രക്ഷുബ്ധമായ സമയങ്ങളിൽ, ഫിൻലൻഡും ഇന്ത്യയും തമ്മിലുള്ള സൗഹൃദം എക്കാലത്തേക്കാളും പ്രധാനമാണ്,” എന്ന് സ്റ്റബ് എക്‌സിൽ പോസ്റ്റ് ചെയ്തു.
Discussion about this post