വാഷിംഗ്ടൺ : ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ഭീകരൻ ഹർപ്രീത് സിംഗ് യുഎസിൽ അറസ്റ്റിലായി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) റിമൂവൽ ഓപ്പറേഷനും (ഇആർഒ) ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയാണ് ഹർപ്രീത് സിംഗ്.
ചണ്ഡീഗഢ് ഹാൻഡ് ഗ്രനേഡ് ആക്രമണത്തിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസി തേടിക്കൊണ്ടിരിക്കുന്ന പ്രതി നിയമവിരുദ്ധമായാണ് യുഎസിൽ പ്രവേശിച്ചത് എന്നാണ് എഫ് ബി ഐ വ്യക്തമാക്കുന്നത്. രണ്ട് അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ ഹർപ്രീത് സിംഗ് പിടികൂടാതിരിക്കാൻ ബർണർ ഫോണുകൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നത് എന്നും എഫ് ബി ഐ വ്യക്തമാക്കി. വെള്ളിയാഴ്ച യുഎസിലെ സാക്രമെന്റോയിൽ വെച്ചാണ് എഫ് ബി ഐ ഇയാളെ പിടികൂടിയിട്ടുള്ളത്. ഹാപ്പി പാർസിയ എന്നും ജോറ എന്നും അറിയപ്പെടുന്ന ഹർപ്രീത് സിംഗ് പഞ്ചാബിലെ അമൃത്സർ ജില്ലയിൽ നിന്നുള്ളയാളാണ്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നതിനു മുൻപ് ഇയാൾ യുകെയിലും മെക്സിക്കോയിലും താമസിച്ചിരുന്നതായും എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post