2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ. വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു
ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജിഎസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്. ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകളുമായി ബന്ധപ്പെട്ട മർച്ചൻറ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
2024ലെ എസിഐ വേൾഡ്വൈഡ് റിപ്പോർട്ട് അനുസരിച്ച്, 2023ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ആഗോള തലത്തിൽ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നു. 2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റൽ ഇടപാട്. 2025 മാർച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വർധിച്ചു. ഇത് ഡിജിറ്റൽ പേയ്മെന്റ് രീതിയിൽ വർധിച്ചുവരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
Discussion about this post