ഒരു പെൺകുട്ടി തന്റെ ജീവിതത്തിന്റെ വസന്തകാലത്ത്, യാതൊരു കാരണവുമില്ലാതെ സ്വയം വെടിയുതിർത്തു മരിക്കുന്നു. ആ മരണത്തിന് പിന്നിലെ നിഗൂഢതകൾ തേടിയിറങ്ങുന്ന അവളുടെ ഭർത്താവിന്റെ സുഹൃത്തിന്റെ കഥയാണ് ‘ഉത്തരം’.
കഥ തുടങ്ങുന്നത് സെലീന മാത്യു എന്ന പ്രശസ്ത ഗായികയുടെയും എഴുത്തുകാരിയുടെയും ആത്മഹത്യയിലൂടെയാണ്. സന്തുഷ്ടമായ കുടുംബജീവിതം, സ്നേഹനിധിയായ ഭർത്താവ് മാത്യു, പ്രശസ്തി… എല്ലാം ഉണ്ടായിട്ടും സെലീന എന്തിന് സ്വയം നിറയൊഴിച്ചു? അവൾ മരിക്കുമ്പോൾ മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. പുറത്തുനിന്ന് ആരും അകത്തു കടന്നിട്ടുമില്ല. അതൊരു വ്യക്തമായ ആത്മഹത്യയായിരുന്നു. പക്ഷേ, എന്തിന്?
മാത്യുവിന്റെ കൂട്ടുകാരനും ഇരുവരെയും വർഷങ്ങളായി പരിചയമുള്ള ബാലചന്ദ്രൻ നായർ എന്ന മമ്മൂട്ടി അവതരിപ്പിച്ച മാധ്യമപ്രവർത്തകൻ കഥാപാത്രത്തിനും ഈ മരണം ഒരു ഷോക്ക് ആകുന്നു. മാത്യുവിന്റെ ആവശ്യപ്രകാരം അയാൾ ഈ മരണകാരണം അറിയാനായി സെലീന പഠിച്ച കോൺവെന്റിലേക്കും അവളുടെ പഴയ സുഹൃത്തുക്കളിലേക്കും എത്തുന്നു. അവിടെ വെച്ച് അയാൾ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നു—സെലീന ആരും അറിയാത്ത ഒരു വലിയ രഹസ്യം തന്റെ നെഞ്ചിൽ ഒളിപ്പിച്ചിരുന്നു. അവളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ ചില ആളുകൾ തന്നെയായിരുന്നു അവളുടെ ഇരുളിനും കാരണമായത്.
ഓരോ നിമിഷവും ത്രില്ലടിപ്പിച്ച ഈ ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ നമ്മളെ മുൾമുനയിൽ എത്തിക്കുന്നു. ലോക സിനിമയിൽ തന്നെ നമ്മുടെ മനസിനെ മരവിപ്പിക്കുന്ന ക്ലൈമാക്സ് ഉള്ള ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മലയാളത്തിൽ നിന്നുള്ള ഈ “ഉത്തരം”എന്ന സിനിമയും ഉണ്ടാകും.
കാണാത്ത ആളുകൾ ഉണ്ടെങ്കിൽ എം ടി വാസുദേവനായർ എന്ന ജാലവിദ്യക്കാരൻ ഒളിപ്പിച്ച ട്വിസ്റ്റുകൾ കാണാൻ ഈ സിനിമ കാണുക.













Discussion about this post