പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയാണ് സൈനിക വേഷത്തിൽ എത്തിയ ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
“ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത്തരം അക്രമങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം, സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാം” എക്‌സിലെ പോസ്റ്റിൽ പിണറായി വിജയൻ കുറിച്ചു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ 68 കാരൻ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് രാമചന്ദ്രൻ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഇതിൻറെ ഭാഗമായിട്ടായിരുന്നു കുടുംബത്തോടൊപ്പം വിനോദയാത്ര പോയത്.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീർ എൽജി മനോജ് സിൻഹയും ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. . സൗദി ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നും മോദി ഉപേക്ഷിച്ചു.
നേരത്തെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.
Discussion about this post