ന്യൂഡൽഹി; ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ലോക നേതാക്കൾ ശക്തമായി അപലപിച്ചു. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. യുഎസ്, റഷ്യ, യുഎഇ, ഇസ്രായേൽ, സിംഗപ്പൂർ , ഫ്രാൻസ് , ശ്രീലങ്ക, ഇറാൻ എന്നീ ലോകരാജ്യങ്ങളെല്ലാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണ. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് അനുതപിക്കുന്നുവെന്നും യുഎസ് പ്രസിഡണ്ട് ട്രംപ് വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ട്രംപ് പറഞ്ഞു.
“കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ് . ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നു . ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, ആക്രമണത്തിൽ പരിക്കേറ്റവർ വളരെ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണ. ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്!” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചു .
ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പഹൽഗാമിലെ ഭീകരാക്രമണത്തിലെ ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തി. ” ഇന്ത്യയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഉഷയും ഞാനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്തിൽ ഞങ്ങൾ മതിമറന്നു. ഈ ഭീകരമായ ആക്രമണത്തിൽ അവർ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പമുണ്ട്,” വാൻസ് എക്‌സിലെ കുറിച്ചു. കശ്മീരിലെ ഭീകരാക്രമണത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ശക്തമായി അപലപിച്ചു .
“വിനോദസഞ്ചാരികളെയോ സാധാരണക്കാരെയോ കൊല്ലുന്ന ഇത്തരം ഹീനമായ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ. സ്ഥിതിഗതികൾ ഞങ്ങൾ തുടർന്നും നിരീക്ഷിക്കുകയും കുറ്റവാളികളെ ഉത്തരവാദിത്തത്തോടെ നേരിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പ്രസ്താവിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി മോദിക്കും അനുശോചനം അറിയിച്ചു . ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുമായും പങ്കാളികളുമായും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള റഷ്യയുടെ പ്രതിബദ്ധത പ്രസിഡന്റ് പുടിൻ ആവർത്തിച്ചു.
“പ്രിയപ്പെട്ട ശ്രീമതി പ്രസിഡന്റ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങളിൽ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് ആക്രമണത്തിന് ഇരയായത്. ഈ ക്രൂരമായ കുറ്റകൃത്യത്തിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളികൾ അർഹമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുമായും പങ്കാളികളുമായും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞാൻ ആവർത്തിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും അവരുടെ പ്രിയപ്പെട്ടവരോടുമുള്ള ഞങ്ങളുടെ അനുതാപം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ,” പ്രസിഡന്റ് പുടിൻ പറഞ്ഞു.
ഭീകരാക്രമണത്തെ അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ഈ ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ഒരു കാലത്തും പിന്തുണയ്ക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും , ഈ ഹീനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും അനുതാപവും അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ അറിയിച്ചു.
ഭീകരാക്രമണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് മെലോണി വ്യക്തമാക്കി .”ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ അതിയായ ദുഃഖമുണ്ട്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടും, പരിക്കേറ്റവരോടും, സർക്കാരിനോടും, മുഴുവൻ ഇന്ത്യൻ ജനങ്ങളോടും ഞങ്ങൾ കൂടെയുണ്ടെന്ന് അറിയിക്കുന്നു ,” മെലോണി എക്‌സിൽ കുറിച്ചു.
ഭീകരാക്രമണത്തെ അപലപിച്ച് ഇറാനും രംഗത്തെത്തി. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിയിക്കുന്നുവെന്ന് ഇറാൻ എംബസി എക്സിൽ കുറിച്ചു. “ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനെ ന്യൂഡൽഹിയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസി ശക്തമായി അപലപിക്കുന്നു. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും , പ്രത്യേകിച്ച് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,” ഇറാൻ എംബസി എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാഥോ പറഞ്ഞു .”ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു .എന്റെ ചിന്തകൾ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,” തിയറി മാഥോ എക്‌സിൽ കുറിച്ചു.
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ശ്രീലങ്കയും വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു. “ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്ന് നടന്ന ഹീനമായ ഭീകരാക്രമണത്തെ ശ്രീലങ്ക ശക്തമായി അപലപിക്കുന്നു . ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ശ്രീലങ്ക ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു,” ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയം ‘എക്സിൽ കുറിച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. “ജമ്മു കശ്മീർ കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖവും അമ്പരപ്പും തോന്നുന്നു. നിരപരാധികളായ സാധാരണക്കാരുടെ ജീവനാണ് ഭീകരർ അപഹരിച്ചത്. ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖം പങ്കുവെയ്ക്കുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയ്‌ക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്,” റൂവൻ അസർ എക്സിൽ കുറിച്ചു
ആക്രമണത്തിൽ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ് ഞെട്ടൽ രേഖപ്പെടുത്തി. “ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. അപലപനീയമായ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. സൈമൺ വോങ് എക്‌സിൽ വ്യക്തമാക്കി.
Discussion about this post