ജമ്മു കശ്മീർ; പഹൽഗാമിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കുതിര സവാരി നടത്തിയിരുന്ന പ്രദേശവാസിയാണ് സയ്യിദ് ആദിൽ ഹുസൈൻ. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം തുടങ്ങിയപ്പോൾ തന്നെ സയ്യിദ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങിയിരുന്നു. ഭീകരരുടെ തോക്ക് പിടിച്ചുവാങ്ങാനും സയ്യിദ് ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ മതവെറിപൂണ്ടെത്തിയ ഭീകരർ തങ്ങളെ തടയാൻ ശ്രമിച്ച സയ്യിദിനെയും വെറുതെവിട്ടില്ല. അയാൾക്കുനേരെയും ഭീകരർ വെടിയുതിർത്തു.
സയ്യിദിൻറെ സംസ്കാര ചടങ്ങിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്തു . സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബാംഗങ്ങളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു.കുടുംബത്തിന് എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ആക്രമണത്തിനിടെ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈൻ മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.”ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ ഭീരുത്വപരമായ ആക്രമണത്തിൽ ഒരു പാവപ്പെട്ട തദ്ദേശ തൊഴിലാളി കൊല്ലപ്പെട്ടു. അയാൾ ധീരനായിരുന്നു.
വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. ഭീകരരിൽ ഒരാളുടെ തോക്ക് തട്ടിയെടുക്കാൻ പോലും അയാൾ ശ്രമിച്ചതായി ഞാൻ കേട്ടു. അപ്പോഴാണ് അയാളെ ലക്ഷ്യമാക്കി വെടിവെച്ചത്,” തെക്കൻ കശ്മീരിലെ അനന്ത്‌നാഗിലെ ഹപത്‌നറിൽ സയ്യിദിൻറെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒമർ അബ്ദുള്ള.
Discussion about this post