ന്യൂഡൽഹി; പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ലോകത്തിൻറെ ഏതുകോണിൽ പോയി ഒളിച്ചാലും നിങ്ങളെ തേടി ഇന്ത്യയെത്തും, അത് ഭൂമിയുടെ അറ്റം വരെ സഞ്ചരിക്കേണ്ടിവന്നാലും നിൻറെയൊക്കെ അവസാനമായി എന്ന് കരുതിക്കോളൂ എന്ന താക്കീതാണ് പ്രധാനമന്ത്രി നടത്തിയത്.
ബീഹാറിലെ മധുബാനി ജില്ലയിൽ ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസാരിക്കുന്നതിനിടെ ഇംഗ്ലീഷിലായിരുന്നു പ്രധാനമന്ത്രി ആഗോളസമൂഹത്തിന് ഈ സന്ദേശം കൈമാറിയത്.
“ഇന്ന്, ബീഹാറിന്റെ മണ്ണിൽ നിന്ന്, ഞാൻ മുഴുവൻ ലോകത്തോടും പറയുന്നു. ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ നമ്മൾ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് ഭീകരവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. ഒരു ഭീകരനും ശിക്ഷിക്കപ്പെടാതെ പോകില്ല,” പ്രധാനമന്ത്രി പറഞ്ഞു.
നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മുഴുവൻ രാഷ്ട്രവും ഈ ഉറച്ച തീരുമാനത്തിന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുന്നു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്. വിവിധ ലോക രാജ്യങ്ങളിലെ ജനങ്ങൾക്കും അവരുടെ നേതാക്കൾക്കും നമ്മോടൊപ്പം നിന്നതിനും ഞാൻ നന്ദി പറയുന്നു.
പഹൽഗാം അക്രമികളുടെ പേരുകൾ ജമ്മു കശ്മീർ പോലീസ് വെളിപ്പെടുത്തിയിരുന്നു. വിവരങ്ങൾ നൽകുന്നവർക്ക് ₹ 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
Discussion about this post