ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കുള്ള രണ്ട് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരുടെ വീടുകൾ അഗ്നിക്കിരയായതായി റിപ്പോർട്ട്. വീടുകളിൽ സുരക്ഷാ പരിശോധനയ്ക്കിടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. പഹൽഗാം ആക്രമണത്തിലെ പ്രധാന പ്രതിയായ ആദിൽ തോക്കറിന്റെയും ആസിഫ് ഷെയ്ക്കിന്റെയും വീടികളാണ് തകർന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ലഷ്കർ ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളിൽ സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് വീടുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ താമസിക്കുന്ന തോക്കർ പഹൽഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളിൽ ഒരാളാണ്, അതേസമയം പുൽവാമ ജില്ലയിലെ ത്രാൽ നിവാസിയായ ഷെയ്ഖിന് ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇവരുടെ വീടുകളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്.
ആക്രമണത്തിൽ പങ്കുള്ള മുഴുവൻ ഭീകരരുടെയും ചിത്രങ്ങളും വിവരങ്ങളും സൈന്യം ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തയ്ബ കമാൻഡറെ ഇന്ത്യന്‍ സൈന്യം വധിച്ചു . അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പഹൽ ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പോലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ആക്രമണത്തിൽ രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post