കൊച്ചി; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട നൽകി നാട്. സങ്കടം ഉള്ളിലൊതുക്കി അച്ഛനരികിൽ നിന്ന് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് രാമചന്ദ്രൻറെ മകൾ ഉച്ചത്തിൽ പറയുന്നത് ആരുടെയും കണ്ണു തുറപ്പിക്കുന്ന ദൃശ്യങ്ങളാണ്. ഭൌതിക ദേഹത്തിനരികിൽ അന്തിസംസ്കാര ചടങ്ങിനിടെ നാമജപത്തിന് പിന്നാലെയാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആ കുടുംബാംഗങ്ങൾ ഉച്ചരിക്കുന്നത്.
ഇത്രയും ഹീനമായ ആക്രമണത്തിന് വിധേയമായി ആ അച്ഛൻ ജീവൻ വെടിഞ്ഞിട്ടും വെറുപ്പും വിദ്വേഷവുമില്ലാതെ ആ കുടുംബം നിൽക്കുന്നത് അച്ഛൻ പകർന്നു കൊടുത്ത ആദർശത്തിൻറെ ശക്തിയാണെന്ന് സമൂഹമാദ്ധ്യമങ്ങളുൾപ്പെടെ പ്രതികരണം ഉയർന്നു.
ഭാരത് മാതാ കീ ജയ് വിളികളോടെ ആണ് അദ്ദേഹത്തിന് നാട് യാത്രയയപ്പ് നൽകിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഗണഗീതം പാടിയാണ് രാമചന്ദ്രനെ സംഘബന്ധുക്കൾ യാത്രയാക്കിയത്. ഇടപ്പള്ളി ശ്മശാനത്തിൽ ആണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞദിവസം രാമചന്ദ്രന്റെ പൊതുദർശന സമയത്ത് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ സീമ ജാഗരൺ മഞ്ച് ദേശീയ സംരക്ഷൺ എ ഗോപാലകൃഷ്ണനോട് അന്തരിച്ച രാമചന്ദ്രന്റെ ഭാര്യ ഷീല തന്റെ ആഗ്രഹം പറയുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണില്‍’ എന്ന ഗണഗീതം എൻ രാമചന്ദ്രൻ എല്ലായ്പ്പോഴും പാടിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ഷീല സൂചിപ്പിച്ചു. ഷീലയുടെയും മകൾ ആരതിയുടെയും പ്രത്യേക അഭ്യർത്ഥന പ്രകാരം രാമചന്ദ്രന്റെ സംസ്കാരസമയത്ത് ഈ ഗണഗീതം ആലപിക്കുകയായിരുന്നു.
ഭാരത് മാതാ കീ ജയ് വിളികളോടെ ആണ് എൻ രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും അദ്ദേഹത്തിനെ യാത്രയാക്കിയത്. വികാരഭരിതമായ രംഗങ്ങൾക്കായിരുന്നു ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട് സാക്ഷ്യം വഹിച്ചത്. ഇടപ്പള്ളി ദേവൻകുളങ്ങര ശാഖയിലെ മുഖ്യശിക്ഷകൻ ആയിരുന്നു എൻ രാമചന്ദ്രൻ. രാജ്യസ്നേഹിയായിരുന്ന രാമചന്ദ്രന് ഉചിതമായ വിടവാങ്ങൽ നൽകണമെന്ന ഭാര്യയുടെയും മകളുടെയും ആഗ്രഹമാണ് സംഘ ബന്ധുക്കൾ പൂർത്തീകരിച്ചത്.
Discussion about this post