സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി സിന്ധു നദീ ജല കരാർ മരവിപ്പിച്ച തീരുമാനം പാകിസ്താനെ ഔദ്യോഗികമായി അറിയിച്ച് ഇന്ത്യ. പാകിസ്താനിലേക്കുള്ള ജലവിതരണം ഉടനടി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്താൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയ്ക്ക് ഔദ്യോഗികമായി നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഈ തീരുമാനത്തിന്റെ ഭാവി നടപടികൾ ആലോചിക്കുന്നതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീലുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
പാകിസ്താനിലേക്കുള്ള ജലവിതരണം നിർത്തിയ ശേഷം സിന്ധു നദിയിലെ ജലം ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഗുണകരമാകുന്ന ദീർഘകാല, ഹ്രസ്വകാല പദ്ധതികൾക്ക് യോഗത്തിൽ രൂപം നൽകിയിട്ടുണ്ട്. സിന്ധു നദീ ജല കരാറിന് രൂപം നൽകുമ്പോൾ ഇരു രാജ്യങ്ങളിലും ഉള്ള ജനസംഖ്യാ ശാസ്ത്രത്തിന് വിരുദ്ധമാണ് ഇപ്പോഴുള്ളതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവ് കണക്കിലെടുത്ത് ഈ കരാർ റദ്ദാക്കേണ്ടത് അനിവാര്യതയാണെന്നും വിവിധ ഉദ്യോഗസ്ഥർ അറിയിച്ചു.
ശുദ്ധമായ ഊർജ്ജ വികസനം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കായി സിന്ധു നദീജലം ഉപയോഗിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ എടുത്ത ഒരു പ്രധാന തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പദ്ധതികൾക്കും നടപടികൾക്കും കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ വിവിധ ഉദ്യോഗസ്ഥർ ചേർന്ന് വൈകാതെ തന്നെ രൂപം നൽകുന്നതായിരിക്കും. സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും വിതരണവും ഉപയോഗവും നിയന്ത്രിക്കുന്ന സിന്ധു നദീജല കരാർ 1960ലാണ് പ്രാബല്യത്തിൽ വന്നിരുന്നത്. ഈ കരാർ ഇന്ത്യ മരവിപ്പിക്കുന്നതോടെ കനത്ത തിരിച്ചടിയാണ് പാകിസ്താന് ഏറ്റിരിക്കുന്നത്.
Discussion about this post