കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി വേട്ടയുടെ വാർത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാൻ ആഗ്രഹിച്ചു വന്ന ഈ ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവർത്തിയാണ് ഇവിടെ പലരും ചെയ്യുന്നതെന്ന് അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഇന്ന് രാവിലെ പുറത്ത് വന്ന ലഹരി വേട്ടയുടെ വാർത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നു കാരണം ജോലി ചെയ്യാൻ ആഗ്രഹിച്ചു വന്ന ഈ ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവർത്തിയാണ് ഇവിടെ പലരും ചെയ്യുന്നത്. ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് ഈ മേഖലയിൽ അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഇത്. ഒന്ന് മാത്രം പറയാം അഗ്‌നി ശുദ്ധി വരുത്തി മുന്നോട്ട് പോകും സിനിമ മേഖല.
*****************************
നമ്മുടെ കൂടെ പ്രവർത്തിക്കുന്നവർ ലൊക്കേഷനിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും പുറത്ത് നിന്ന് ഉപയോഗിക്കുന്നുണ്ടോ, അവർ പിടിക്കപ്പെടുമോ എന്ന ഭയം ഉള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സെറ്റിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവവും അഭിലാഷ് പിള്ള തുറന്നുപറഞ്ഞു.
‘എന്റെ സിനിമ ലൊക്കേഷനിൽ എനിക്ക് ലഹരിയുമായി ബന്ധപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ഒരു നടന്റെ അടുത്ത് കഥ പറയാൻ പോയപ്പോൾ അദ്ദേഹത്തോടൊപ്പം കാരവാനിൽ സുഹൃത്തുകളുണ്ടായിരുന്നു. അതിനുള്ളിൽ ഉണ്ടായ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചു. അപ്പോൾ തന്നെ എനിക്ക് ഇവിടെ നിന്ന് കഥ പറയാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ് ഞാൻ.
Discussion about this post