ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രസംഘം. ഇന്ത്യാവിരുദ്ധ പ്രചരണങ്ങളും ആക്രമണം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളും നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മന്ത്രിതല സംഘത്തെ കേന്ദ്ര സർക്കാർ രൂപീകരിച്ചു.
സമൂഹമാദ്ധ്യമങ്ങളും വാർത്താ മാദ്ധ്യമങ്ങളും ഉൾപ്പെടെ നിരീക്ഷണ പരിധിയിൽപ്പെടും. ഓൺലൈനിൽ പ്രചരിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും തെറ്റായ പ്രചാരണങ്ങളും സംഘം നിരീക്ഷിക്കും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവിധ ദേശീയ വിദേശീയ മാദ്ധ്യമ സ്ഥാപനങ്ങൾ ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മാദ്ധ്യമസ്ഥാപനങ്ങളുടെ ഡിജിറ്റൽ മീഡിയ ഉള്ളടക്കവും അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നാണ് സൂചന.
“ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും കുറിച്ച് നെഗറ്റീവ് വീഡിയോകൾ ചിത്രീകരിക്കുകയും കെട്ടിച്ചമച്ചതും തെറ്റായതുമായ പ്രചാരണങ്ങൾ നടത്തുകയും ചെയ്താൽ സംഘം നടപടിയെടുക്കും. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരമാണ് പ്രത്യേക മന്ത്രിതല സംഘം രൂപീകരിച്ചത് .
പഹൽഗാം ആക്രമണത്തെത്തുടർന്ന് വിദേശത്ത് പ്രവർത്തിക്കുന്ന നിരവധി യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും നിഷേധാത്മക പ്രചാരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ തീരുമാനം.
പഹൽഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതിനായി പാകിസ്താൻറെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരം ഇന്ത്യയ്ക് ലഭിച്ചിട്ടുണ്ട് . ചൈന ആസ്ഥാനമായുള്ള സൈബർ ഹാൻഡ്‌ലർമാരും ഐഎസ്‌ഐയെ സഹായിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തിനകത്ത് നിരവധി ശക്തികൾ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യാ വിരുദ്ധ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വ്യക്തികളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശീയ സുരക്ഷ മുൻനിർത്തി ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് ഇന്ത്യയിലെ എല്ലാ മാദ്ധ്യമ ചാനലുകൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ മാദ്ധ്യമങ്ങൾക്കും , ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും, വ്യക്തികൾക്കും നിർണായക പങ്കുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെയോ സൈന്യത്തിൻറെയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടു. സെൻസിറ്റീവ് വിവരങ്ങൾ ഇത്തരത്തിൽ റിപ്പോർട്ടു ചെയ്യുന്നത് ശത്രുക്കളെ സഹായിക്കുന്നതിന് തുല്യമാണ്. പ്രതിരോധ പ്രവർത്തനത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം (26/11), കാണ്ഡഹാർ ഹൈജാക്കിംഗ് തുടങ്ങിയ ചില മുൻകാല സംഭവങ്ങൾ ഉദാഹരിച്ചുകൊണ്ടായിരുന്നു മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയന്ത്രണമില്ലാത്ത റിപ്പോർട്ടിങ്ങ് ദേശീയ താത്പര്യത്തിന് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
പഹൽഗാമിലെ ദാരുണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ വാർത്തകൾ പ്രചരിപ്പിച്ചതിന് 16 പാക് യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു.
Discussion about this post