കണ്ണൂർ: ഗൂഗിൾ ലൊക്കേഷൻ മാറിപോയതിനാൽ വരൻ വിവാഹത്തിനെത്തിയത് മൂന്ന് മണിക്കൂർ വൈകി. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. വരൻ എത്താൻ വൈകിയതിനാൽ മുഹൂർത്തത്തിന് താലികെട്ടാനും കഴിഞ്ഞില്ല. ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ലൊക്കേഷനാണ് മാറിയത്.ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തേണ്ട തിരുവനന്തപുരം സ്വദേശിയായ വരൻ വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിലാണെത്തിയത്.
വിവാഹത്തിനെത്തേണ്ട സമയമായിട്ടും വരൻ എത്താതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ലൊക്കേഷൻ മാറിപ്പോയതറിഞ്ഞത്. വരനും വധുവും നിൽക്കുന്ന അമ്പലങ്ങൾ തമ്മിൽ 60 കിലോമീറ്ററിലധികം വ്യത്യാസം ഉണ്ടായിരുന്നു. ഒടുവിൽ മൂന്ന് മണിക്കൂറിന് ശേഷമാണ് ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വരൻ എത്തിയത്.
പെണ്ണുകാണൽ ചടങ്ങിന് വരൻ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാർ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. ഇതിനാലാണ് ഗൂഗിൾ ലൊക്കേഷൻ തേടിയത്.
Discussion about this post