നടൻ ശ്രീനാഥ് ഭാസി നായകനായ ‘ആസാദി’ എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ‘ആസാദി എന്നാൽ സ്വാതന്ത്ര്യം എന്നാണ് അർത്ഥം. കാർമേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോൾ ഞാൻ. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതിൽ സന്തോഷമുണ്ടെന്ന്’ ശ്രീനാഥ് ഭാസി പറയുന്നു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ശ്രീനാഥ് ഭാസിയെ ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ശ്രീനാഥ് ഭാസി നായകനാകുന്ന ‘ആസാദി’ എന്ന ചിത്രം മേയ് ഒമ്പതിന് തിയേറ്ററുകളിലെത്തും. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാണി വിശ്വനാഥ്, രവീണാ രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്നും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിന്റോയും നിർമാതാവിന്റെ സഹായി ജോഷിയുമാണ് ഇന്ന് ഹാജരായത്.
താൻ നിരപരാധിയാണെന്ന് ജിന്റോ പറഞ്ഞു . തസ്ലിമയുമായി പരിചയമുണ്ടെന്ന് സമ്മതിച്ച ജിന്റോ തസ്ലിമയ്ക്ക് പണം നൽകിയത് രണ്ട് തവണയാണെന്നും അച്ഛൻ മരിച്ചെന്ന് പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തതെന്നും പറഞ്ഞു. ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ജിന്റോ പറഞ്ഞു.
Discussion about this post