ന്യൂഡൽഹി : കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജനങ്ങൾക്ക് നൽകിയിരുന്ന പ്രധാന വാഗ്ദാനത്തിന്റെ കടയ്ക്കൽ തന്നെ വെട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ജാതി സെൻസസ് നടത്തും എന്ന കേന്ദ്രസർക്കാർ തീരുമാനത്തോടെ അവസാന പിടിവള്ളിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ്. ഈ വിഷയത്തിൽ ഇനി എന്ത് ചെയ്യും എന്നുള്ള ആശങ്കകൾ പരിഹരിക്കാനായി നാളെ പ്രവർത്തകസമിതി യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് യോഗം ചേരും. കേന്ദ്രസർക്കാരിന്റെ ജാതി സെൻസസ് പ്രഖ്യാപനം ആയിരിക്കും പ്രധാന ചർച്ചാ വിഷയം. കോൺഗ്രസ് ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ് ജാതി സെൻസസ്. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം നടപ്പിലാക്കുമ്പോൾ സമയപരിധി, ബജറ്റ് , സംവരണത്തിന്റെ 50% പരിധി എന്നിവയെക്കുറിച്ച് സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം എന്ന് കോൺഗ്രസ് വക്താക്കൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
അടുത്ത സെൻസസിനോടൊപ്പം ജാതി സെൻസസ് കൂടി നടത്തും എന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസിന് വന്നുചേർന്നിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുൻപിൽ വയ്ക്കാൻ മറ്റൊരു വിഷയവുമില്ലാത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ജാതി സെൻസസ് എന്നത് ഞങ്ങളുടെ ആശയമാണ് എന്നാണ് രാഹുൽഗാന്ധി ഈ വാർത്തയോട് പ്രതികരിച്ചത്. ജാതി സെൻസസ് നടത്തിക്കഴിഞ്ഞാൽ അടുത്ത ഘട്ടങ്ങളിൽ സംവരണത്തിന്റെ 50% പരിധി ഉയർത്തുന്നതും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതും ഉൾപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ഇന്ന് പ്രതികരിച്ചു.
Discussion about this post