ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ വേട്ടയാടുന്നതിൽ ഇന്ത്യയോട് സഹകരിക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ്. വലിയ സംഘർഷത്തിലേക്ക് പോകാത്ത രീതിയിൽ ഇന്ത്യ ഈ ഭീകരാക്രമണത്തിന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജെ ഡി വാൻസ് അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ജെഡി വാൻസ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
പാകിസ്താൻ അയൽരാജ്യവുമായി സഹകരിച്ച് സ്വന്തം പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദികളെ വേട്ടയാടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. അതിനാൽ തന്നെ ഈ ഭീകര സംഘടനയിലെ തീവ്രവാദികളെ വേട്ടയാടേണ്ടത് പാകിസ്താന്റെ കൂടി ഉത്തരവാദിത്തമാണെന്നും ജെ ഡി വാൻസ് വ്യക്തമാക്കി.
അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ ആയിരുന്നു കശ്മീർ താഴ്‌വരയിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നായ പഹൽഗാം ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികൾ ആയ 26 നിരപരാധികളെ ആണ് തീവ്രവാദികൾ അതിദാരുണമായി കൊലപ്പെടുത്തിയത്. ആക്രമണത്തെ യുഎസ് വൈസ് പ്രസിഡണ്ട് ശക്തമായി അപലപിക്കുകയും ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post