ന്യൂഡൽഹി/ജമ്മു: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള ജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചു. സിന്ധു നദീജല കരാർ പ്രകാരമുള്ള നദികളിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് ഈ നീക്കം.
ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ബഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് തടഞ്ഞിരിക്കുന്നത്. ജമ്മു ഡിവിഷനിലെ റംബാൻ ജില്ലയിലാണ് ഈ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
സമാനമായ നടപടി ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സ്വീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ കശ്മീരിലെ കിഷൻഗംഗ അണക്കെട്ടും ബഗ്ലിഹാർ അണക്കെട്ടും ഉപയോഗിച്ച് നദികളിലെ നീരൊഴുക്ക് പൂർണ്ണമായും നിർത്തലാക്കാൻ ഇന്ത്യക്ക് കഴിയും.
1960-ൽ ലോകബാങ്കിൻ്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാറാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദിയുടെയും അതിൻ്റെ പോഷകനദികളുടെയും ഉപയോഗം നിയന്ത്രിക്കുന്നത്. കരാർ പ്രകാരം കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവയുടെ മേൽ ഇന്ത്യക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ മേൽ പാകിസ്ഥാനുമാണ് പ്രധാനമായും നിയന്ത്രണം. ബഗ്ലിഹാർ അണക്കെട്ട് നിർമ്മാണകാലം മുതൽക്കേ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമാണ്. പാകിസ്ഥാൻ മുൻപ് ലോകബാങ്കിൻ്റെ മധ്യസ്ഥത തേടിയിട്ടുമുണ്ട്. കിഷൻഗംഗ അണക്കെട്ടിൻ്റെ നിർമ്മാണവും, പ്രത്യേകിച്ച് ഝലം നദിയുടെ പോഷകനദിയായ നീലം നദിയിൽ അതുണ്ടാക്കുന്ന സ്വാധീനവും നിയമപരവും നയതന്ത്രപരവുമായ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
സ്ഥിരം സിന്ധു കമ്മീഷൻ്റെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ഇന്ത്യ നിർത്തിവെച്ചിരുന്നു. കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പാകിസ്ഥാൻ്റെ നിസ്സഹകരണമാണ് ഇതിന് കാരണമായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. പടിഞ്ഞാറൻ നദികളിലെ ജലം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമായി, ഈ നദികളിലെ ജലവൈദ്യുത പദ്ധതികളിലെ സംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഊറി, ദുൽ ഹസ്തി, സലാൽ, റാറ്റിൽ, കിരു, ക്വാർ തുടങ്ങിയ പദ്ധതികളിൽ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നത് ഇതിലുൾപ്പെടുന്നു.
Discussion about this post