ഓപ്പറേഷൻ സിന്ദൂരിലൂടെ കൊടും ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹറിനെ വധിച്ചതായി റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. ഭീകരസംഘടനയുടെ സുപ്രീംകമാൻഡറാണ് ഇന്ത്യ കൊലപ്പെടുത്തിയ അബ്ദുൽ റൗഫ് അസ്ഹർ. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്താനിലെ ബഹവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 16 ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം. ഇന്ത്യ തേടുന്ന കൊടും ഭീകരരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചയാളാണ് അബ്ദുൽ റൗഫ് അസ്ഹർ.
ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹർ, ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽനിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. ഇതിന്റെ സൂത്രധാരനായിരുന്നു അന്ന് 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മുഫ്തി അബ്ദുൽ റൗഫ് അസ്ഹർ.
1999ൽ കാഠ്മണ്ഡുഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്‌പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ മുഫ്തി അബ്ദുൾ റൗഫ് അസ്ഹറായിരുന്നു.ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണങ്ങളെല്ലാം മസൂദ് അസ്ഹറിന്റെ നിർദ്ദേശത്തോടെയാണ് നടപ്പാക്കിയത്.
Discussion about this post