ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അയവുണ്ടായതായി അറിയിച്ച് കേന്ദ്രസർക്കാർ. പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. ഇസ്ലാമാബാദ്, ലാഹേർ,റാവൽപിണ്ടി അടക്കമുള്ള പ്രദേശങ്ങളിലം മറ്റ് ഭീകരകേന്ദ്രങ്ങളിലും ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ കടുപ്പിച്ചതോടെ പാക് ഡിജിഎംഒ അനുനയശ്രമങ്ങൾ നടത്തുകയും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലേക്ക് എത്തുകയുമായിരുന്നു.
നേരത്തെ ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും മൂന്നാം കക്ഷിയുടെ സഹായത്തോടെയല്ല തീരുമാനത്തിലേക്ക് എത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഇത് തള്ളുകയായിരുന്നു. ഏതെങ്കിലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടർന്നല്ല തീരുമാനമെന്നും ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. വെടിനിര്‍ത്തലിന് മുന്‍കൈ എടുത്തത് പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും ഇന്ത്യ പ്രതികരിച്ചു.കരമാർഗവും സമുദ്രത്തിലൂടെയും ആകാശത്തിലൂടെയുമുള്ള എല്ലാ സൈനിക നീക്കങ്ങളും ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യൻ സമയം അഞ്ച് മണി മുതൽ വെടിനിർത്തൽ കരാർ നടപ്പിലായി.
‘‘പാക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് അഞ്ച് മണിമുതൽ നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർച്ച നടത്തുമെന്ന്– വിക്രം മിശ്രി പറഞ്ഞു.
അതിർത്തിയിൽ പ്രകോപനം അതിരുവിടുന്ന വേളയിൽ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കുമെന്നായിരുന്നു പാകിസ്താനുള്ള മുന്നറിയിപ്പ്. ഏത് ആക്രമണവും യുദ്ധാഹ്വാനമായി കണക്കാക്കുമെന്നും യുദ്ധത്തിലെന്നപോലെ പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
സാധാരണക്കാരെ ഒഴിവാക്കി, ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പാകിസ്താൻ അപക്വമായാണ് നേരിടുന്നത്. അതിർത്തിഗ്രാമങ്ങളിലെ സാധാരണക്കാർക്ക് നേരെയും സ്‌കൂൾ,ആശുപത്രികൾ മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയ്ക്ക് നേരെയുമാണ് പാകിസ്താന്റെ ഷെല്ലാക്രമണവും,ഡ്രോൺ ആക്രമണവും. ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് അനുനയശ്രമങ്ങളിലേക്ക് പാകിസ്താൻ എത്തിയത്.
Discussion about this post