ഭാരതത്തെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു 2019 ലെ പുൽവാമ ഭീകരാക്രമണം. 49 ധീരജവാന്മാർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അന്ന് ജെയ്‌ഷെ മുഹമ്മദ് എന്ന പാകിസ്താന്റെ അരുമകൾ ഏറ്റെടുത്തിരുന്നു. പാകിസ്താനെ അന്ന് ഇന്ത്യ പ്രതിക്കൂട്ടിലാക്കിയെങ്കിലും അവജ്ഞയോടെ അവരത് തള്ളിക്കളയുകയും ഇന്ത്യയുടെ വെറും ആരോപണങ്ങളാണെന്ന് ലോകത്തിന് മുന്നിൽ നടിക്കുകയും ചെയ്തു. പുൽവാമയ്ക്ക് പകരം ബാലാക്കോട്ടിലെ ചോരകൊണ്ട് ഇന്ത്യ പകരം വീട്ടിയത് ചരിത്രം.
ഇന്നിതാ ഒരു മഹായുദ്ധം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആവേശത്തിൽ സത്യങ്ങൾ വിളിച്ചുപറഞ്ഞിരിക്കുകയാണ് പാകിസ്താൻ. പുൽവാമ തങ്ങളുടെ പദ്ധതിയായിരുന്നുവെന്നാണ് പാകിസ്താൻ പറഞ്ഞുപോയിരിക്കുന്നത്. പുൽവാമ പാകിസ്താന്റെ തന്ത്രപ്രധാനമായ ബുദ്ധിപരമായ നീക്കമെന്നാണ് പാക് എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് അവകാശപ്പെട്ടിരിക്കുന്നത്.
വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയർ മാർഷൽ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്.’പാകിസ്താന്റെ വ്യോമാതിർത്തി, കര, ജലാശയങ്ങൾ, അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ എന്നിവയ്ക്ക് ഭീഷണിയുണ്ടായാൽ, ഒരു വിട്ടുവീഴ്ചയും പാടില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. നമ്മുടെ രാജ്യത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. പാക് ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു; ഇപ്പോൾ, ഞങ്ങളുടെ പ്രവർത്തന പുരോഗതിയും തന്ത്രപരമായ ചാതുര്യവും ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. അവർ ശ്രദ്ധിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നായിരുന്നു എയർ മാർഷൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞത്.
ജെയ്ഷെ മുഹമ്മദ് പുൽവാമഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും പാകിസ്താൻ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. ചാവേറായിരുന്ന ആദിൽ അഹമ്മദ് ദറിനെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനമായ ബവാഹൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ തെളിവ് ഉണ്ടായിരുന്നിട്ടും പാകിസ്താൻ നിരസിക്കുകയായിരുന്നു . ഓപ്പറേഷൻ സിന്ദൂരിനിടെ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് ഇന്ത്യ തകർത്തിരുന്നു.
Discussion about this post