ജയ്പൂർ; പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം കണക്ക് ചോദിച്ചിരിക്കുകയാണ്. ഇന്ത്യ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോൾ വിളറിപൂണ്ട പാക് സൈന്യം അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള ഡ്രോൺ ആക്രമണം ചെറുക്കുന്നതിനിടെ നമുക്കൊരു സൈനികനെയും നഷ്ടപ്പെട്ടു. ജമ്മുകശ്മീരിലെ ഉധംപൂരിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ സുരേന്ദ്രകുമാർ മൊഗെയ് എന്ന സൈനികനാണ് വീരമൃത്യുവരിച്ചത്.
വീരമൃത്യുവരിച്ച അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി നിരവധി പേരാണ് എത്തിയത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഇതിനിടയിൽ സുരേന്ദ്രകുമാറിന്റെ കേവലം 11 വയസ് മാത്രം പ്രായമുള്ള മകൾ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദേശസ്‌നേഹം രക്തത്തിൽ അലിഞ്ഞ ആ പെൺകുട്ടിയുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് രാജ്യം.
രാജ്യ സുരക്ഷയ്ക്കായി ജീവൻ ത്യജിച്ച തന്റെ പിതാവിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് മകൾ വർത്തിക മോഗ പറയുന്നു. എനിക്ക് അഭിമാനം തോന്നുന്നു. എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു. ശത്രുക്കളെ കൊന്നൊടുക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടയിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്ന് വർത്തിക പറഞ്ഞു.
ശത്രുക്കളെ നേരിടുന്നതിനിടെയിലാണ് തന്റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും വർത്തിക പറഞ്ഞു. അച്ഛന്റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും മകൾ കൂട്ടിച്ചേർത്തു. പാകിസ്താനെ പൂർണ്ണമായും അവസാനിപ്പിക്കണം. പാകിസ്താനെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടാകരുത്. എന്റെ അച്ഛനെപ്പോലെ ഒരു സെെനികയാകാനും അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെ ഒന്നൊന്നായി ഇല്ലാതാക്കുമെന്ന് വർത്തിക പറഞ്ഞു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് സുരേന്ദ്രകുമാർ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നതായാണ് വിവരം.
വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റൻറായിരുന്നു സുരേന്ദ്രകുമാർ മൊഗെ. പാകിസ്താന്റെ ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മു കശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്‌പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി.ബംഗളൂരുവിൽ നിന്ന് മൊഗെയെ ഉധംപൂരിലേക്ക് വിളിപ്പിച്ചിട്ട് അഞ്ച് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
ശനിയാഴ്ചയുണ്ടായുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുരേന്ദ്രകുമാർ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ഏഴ് വയസുകാരനായ മകൻ ദക്ഷാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.












Discussion about this post