ഡ്രോൺ പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ഗോപാൽപുരിലുള്ള സീവാർഡ് ഫയറിങ് റെയ്ഞ്ചിൽനിന്നാണ് പരീക്ഷണം നടത്തിയത്.സോളർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) ആണ് ഭാർഗാവസ്ത്ര രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതും.രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവാസ്ത്രയിലുള്ളത്.
ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങൾ നടത്തി. രണ്ട് സെക്കൻഡിനുള്ളിൽ സാൽവോ മോഡിൽ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ കൈവരിക്കുകയും ചെയ്തുവെന്ന് സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
മൈക്രോ-മിസൈൽ സംവിധാനമായ ‘ഭാർഗവാസ്ത്ര’. 64 മൈക്രോ-മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ മൊബൈൽ പ്രതിരോധ പ്ലാറ്റ്‌ഫോം, ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ്. ശത്രുക്കളുടെ ഡ്രോണുകളെ വിജയകരമായി ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും ‘ഭാർഗവാസ്ത്ര’യ്ക്ക് കഴിയുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ‘ഭാർഗവാസ്ത്ര’ സംവിധാനത്തിൽ ഒരു ‘സോഫ്റ്റ് കിൽ’ സംവിധാനം കൂടി ഉൾപ്പെടുത്തിയേക്കും. ഡ്രോണുകളെ നശിപ്പിക്കാതെ അവയുടെ ആശയവിനിമയ സിഗ്‌നലുകൾ തടസപ്പെടുത്തി നിർവീര്യമാക്കാൻ ഇത് സഹായിക്കും. വിവിധ ഭൂപ്രദേശങ്ങളിലും 5,000 മീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ സംവിധാനം, എല്ലാ ദിശകളിൽ നിന്നുമുള്ള ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ ശക്തമായ ഒരു കവചം തീർക്കുന്നു.
Discussion about this post