ഇസ്ലാമാബാദ് : ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്‌ഷെ ആസ്ഥാനം പുനർ നിർമ്മിച്ചു നൽകുമെന്നും പാകിസ്താൻ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട് എന്നാണ് ഇസ്ലാമാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും പാകിസ്താൻ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത്. ഈ 14 പേരുടെയും നഷ്ടപരിഹാരമായി 14 കോടി രൂപ മസൂദ് അസറിന് നൽകും എന്നാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ വാഗ്ദാനം.
ഇന്ത്യൻ ആക്രമണത്തിൽ തകർന്ന വീടുകളും സ്ഥാപനങ്ങളും പുനർനിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായാണ് കൊടും ഭീകരന്റെ ഭീകരവാദ കേന്ദ്രവും പാകിസ്താൻ പുനർനിർമ്മിച്ചു നൽകുമെന്ന് അറിയിച്ചിട്ടുള്ളത്. 1999-ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ പ്രധാന സൂത്രധാരൻ ആണ് മസൂദ് അസർ. 2019 മെയ് മാസത്തിൽ, ജെയ്‌ഷെ-ഇ-മുഹമ്മദ് തലവനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിൽ ചൈന വീറ്റോ പിൻവലിച്ചതിനെത്തുടർന്ന് യുഎൻ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post