ലണ്ടൻ: പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാക്കൾ അറിയിച്ചു. ഈ വിഷയത്തിൽ ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അടിയന്തര ഇടപെടലും അംഗീകാരവും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. പാകിസ്താൻ്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെയും സ്വാതന്ത്ര്യസമരത്തിൻ്റേയും ഭാഗമായാണ് ബലൂച് നേതാക്കളുടെ ഈ പ്രഖ്യാപനം.
പ്രമുഖ ബലൂച് നേതാവും എഴുത്തുകാരനുമായ മിർ യാർ ബലൂച് ആണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ന്യൂഡൽഹിയിൽ ഒരു ബലൂച് എംബസി സ്ഥാപിക്കാൻ ഇന്ത്യൻ ഗവൺമെൻ്റ് അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കണമെന്നും കറൻസി, പാസ്‌പോർട്ട് അച്ചടി തുടങ്ങിയ അടിസ്ഥാന ഭരണപരമായ കാര്യങ്ങൾക്കായി പണം നൽകണമെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
പാകിസ്താൻ് സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ 71 ആക്രമണങ്ങൾ നടത്തിയതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായത്. പാകിസ്താൻ ഒരു ഭീകരരാഷ്ട്രമാണെന്നും അതിൻ്റെ തകർച്ച അടുത്തിരിക്കുന്നുവെന്നും മിർ യാർ ബലൂച് സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചു. “ഞങ്ങൾ ഞങ്ങളുടെ സ്വാതന്ത്ര്യം അവകാശപ്പെട്ടു കഴിഞ്ഞു, ബലൂചിസ്ഥാൻ്റെ ഔദ്യോഗിക ഓഫീസും എംബസിയും ഡൽഹിയിൽ അനുവദിക്കാൻ ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാനിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയെ ഉടൻ വിന്യസിക്കണമെന്നും പാകിസ്താൻ സൈന്യം ബലൂചിസ്ഥാൻ്റെ ഭൂപ്രദേശങ്ങളിൽ നിന്നും വ്യോമാതിർത്തിയിൽ നിന്നും കടലിൽ നിന്നും പിന്മാറണമെന്നും ബലൂച് നേതാക്കൾ ആവശ്യപ്പെട്ടു. പാക് സൈന്യം, ഫ്രോണ്ടിയർ കോർപ്സ്, പോലീസ്, മിലിട്ടറി ഇൻ്റലിജൻസ്, ഐഎസ്‌ഐ, സിവിൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലെ എല്ലാ ബലൂചികളല്ലാത്ത ഉദ്യോഗസ്ഥരും ഉടൻ ബലൂചിസ്ഥാൻ വിടണമെന്നും അവർ ആവശ്യപ്പെട്ടു.
ബലൂചിസ്ഥാൻ്റെ നിയന്ത്രണം ഉടൻ തന്നെ സ്വതന്ത്ര ബലൂചിസ്ഥാൻ്റെ പുതിയ സർക്കാരിന് കൈമാറുമെന്നും ഒരു സംക്രമണകാല ഇടക്കാല സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. മന്ത്രിസഭയിൽ ബലൂച് വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നത് തങ്ങളുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ പൂർത്തീകരണമാണെന്നും അവർ വ്യക്തമാക്കി. സ്വതന്ത്ര ബലൂചിസ്ഥാൻ സർക്കാരിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ഉടൻ നടക്കുമെന്നും തങ്ങളുടെ സൗഹൃദ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ ദേശീയ പരേഡിന് സാക്ഷ്യം വഹിക്കാനും അനുഗ്രഹിക്കാനും ക്ഷണിക്കുന്നതായും അവർ പറഞ്ഞു.
ഇതിനിടെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് പോയ ഒരു യൂട്ടിലിറ്റി വാഹനം സ്ഫോടനത്തിൽ തകരുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുക്കുകയും 14 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി അറിയിക്കുകയും ചെയ്തു.
ദശാബ്ദങ്ങളായി തുടരുന്ന അക്രമങ്ങൾ, നിർബന്ധിത തിരോധാനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മിർ യാർ ബലൂച് പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ബലൂചികളെ “പാകിസ്താൻ്റെ സ്വന്തം ആളുകൾ” എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോടും പ്രത്യേകിച്ച് മാധ്യമങ്ങളോടും ബുദ്ധിജീവികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. പാക് അധീന ജമ്മു കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിർ യാർ പൂർണ്ണ പിന്തുണ അറിയിച്ചു. ഈ പ്രദേശം ഒഴിഞ്ഞുപോകാൻ പാകിസ്താനെ സമ്മർദ്ദത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“ബലൂചിസ്ഥാൻ പാകിസ്താനല്ല. ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരായി തുടരാനാവില്ല. പാക് അധീന ബലൂചിസ്ഥാനിലുടനീളമുള്ള ബലൂച് ജനത തെരുവിലിറങ്ങി അവരുടെ ദേശീയ വിധി പ്രഖ്യാപിച്ചിരിക്കുന്നു,” മിർ യാർ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെയും പരിഷ്കൃത ലോകത്തിൻ്റെയും കണ്മുന്നിൽ വെച്ച് പാകിസ്താൻ വംശഹത്യയും യുദ്ധക്കുറ്റങ്ങളും നടത്തിവരികയാണെന്നും യുദ്ധക്കുറ്റങ്ങളുടെ പേരിൽ അവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ ശക്തികളുടെ ഇടപെടലിലൂടെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ബലൂചിസ്ഥാനെക്കുറിച്ചുള്ള പാകിസ്താൻ്റെ വിവരണം ലോകം അംഗീകരിക്കരുതെന്നും മിർ യാർ ബലൂച് പറഞ്ഞു.
ബലൂചിസ്ഥാനിൽ ദീർഘകാലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്. എതിർക്കുന്നവരെ കാണാാതാകലും, കൊലപാതകങ്ങളും എല്ലാം സാധാരണമാണ്. പാകിസ്താൻ സൈന്യവും ഐ എസ് ഐയും ആണ് ഇതിനെല്ലാം ഉത്തരവാദികളാണെന്ന് ബലൂച് ജനത വിശ്വസിക്കുന്നു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത ബലൂചിസ്ഥാൻ്റെ ധാതുവിഭവങ്ങൾ മുഴുവൻ ചൈനയ്ക്ക് അടിയറ വച്ചിരിക്കുകയാണ്. ഇതിനെതിരെ പതിറ്റാണ്ടുകളായി ജനങ്ങൾ സമരം ചെയ്യുകയാണ്.
Discussion about this post