തിരുവനന്തപുരത്ത് വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയ്ക്ക് 9 കൈകാൽവിരലുകൾ നഷ്ടമായ സംഭവത്തിൽ വിവാദപരാമർശവുമായി മന്ത്രി കെബി ഗണേഷ് കുമാർ. ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകളാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്.
Discussion about this post