പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയുമാണ് ഇന്ത്യ തവിടുപൊടിയാക്കിയത്. പാക് അധീന കശ്മീരിലെയും പാകിസ്താൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ കേന്ദ്രമായ മർകസ് സുബ്ഹാൻ അല്ലാഹ്, ബഹവൽപൂർ,ലഷ്‌കർ ഇ ത്വയ്ബയുടെ പരിശീലന കേന്ദ്രമായ മുരിദ്‌കെ,ചാവേറുകൾക്കും ഭീകരർക്കും പ്രത്യേക പരിശീലനം നൽകുന്ന ഹിസ്ബുൾ മുജാഹിദീന്റെ ഭീകര ക്യാമ്പായ കോട്ലി,ലഷ്‌കറിന്റെ നിയന്ത്രണത്തിലുള്ള മർകസ് അഹ്ലെ ഹദീസ് ബർണാല,ജെയ്‌ഷെ ഭീകരരുടെ മർകസ് അബ്ബാസ്, ഹിസ്ബുൾ മുജാഹിദിന്റെ മസ്‌കർ റഹീൽ ഷാഹിദ്, ലഷ്‌കറിന്റെ തന്നെ ഷവായ നള്ള എന്നീ ഭീകരവളർത്തുകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
ഇതിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന് പാക് സർക്കാരിന്റെ വക 14 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. പുതിയ വീടും ഭീകരർക്ക് നൽകാനായി തീരുമാനമായിരുന്നു.
ഇപ്പോഴിതാ,ലഷ്‌കർ ത്വയ്ബയുടെ ആസ്ഥാനമായ മുരിദ്‌കെയ്ക്കും കയ്യയച്ച് സഹായം നൽകുകയാണ് പാകിസ്താൻ. പാകിസ്താൻ ഫെഡറൽ മന്ത്രി റാണ തൻവീർ ഹുസൈൻ മുരിദ്‌കെ സന്ദർശിച്ചിരുന്നു. പാക് സർക്കാർ സ്വന്തം ചെലവിൽ ഈ പ്രദേശം പുനർനിർമിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും ഇയാൾ പറയുന്നു.’ഇന്ത്യയുടെ അഭിമാനകരമായ സാങ്കേതികവിദ്യ ഉടൻ തന്നെ ലാഹോറിലെ ബിലാൽ ഗഞ്ചിൽ വിൽക്കുന്നത് കാണാൻ കഴിയുമെന്നും’ ഇയാൾ പരിഹസിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആർമി ചീഫ് ജനറൽ അസിം മുനീറും ഓപ്പറേഷനിൽ തകർന്ന പള്ളിയുടെ പുനർനിർമ്മാണത്തിന് വ്യക്തിപരമായി ധനസഹായം നൽകുമെന്ന് ഇയാൾ വെളിപ്പെടുത്തി.
മുരിദ്‌കെ
ലഷ്‌കർ ഇ ത്വയ്ബയുടെ പ്രധാന പരിശീലന കേന്ദ്രമാണ് മുരിദ്‌കെയിലേത്. 2000ത്തിൽ മുതൽ ഇവിടെ ലഷ്‌കർ ഇ ത്വയ്ബ ഭീകര പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. 82 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിൽ ഭീകര പ്രവർത്തനങ്ങൾക്കായി പരിശീലനം ഉൾപ്പെടെയുള്ളവ സജീവമാണ്. ഈ ഭീകര കേന്ദ്രത്തിന് ഒസാമ ബിൻ ലാദൻ 10 മില്യൺ രൂപ ധനസഹായം നൽകിയിരുന്നു.
Discussion about this post