1950, മകര സംക്രാന്തി ദിനത്തിൽ ഉത്തർപ്രദേശിലെ ജോൻപൂരിൽ ശചീദേവി മിശ്ര ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അച്ഛൻ രാജ്ദേവ് മിശ്രയുടെ ബന്ധത്തിൽ ഉള്ള, കുടുംബത്തിലെ ഒരു അമ്മ ആ കുഞ്ഞിന് ഗിരിധർ എന്ന് നാമകരണം ചെയ്തു. ഭക്തമീരയുടെ ഈരടികളിൽ ഭഗവാനെ വിളിക്കുന്ന അതേ നാമം, ഗിരിധർ. രണ്ട് മാസം പ്രായം ഉള്ളപ്പോൾ ആണ് കുഞ്ഞിൻ്റെ കണ്ണുകളെ ട്രാക്കോമ ബാധിക്കുന്നത്. വേണ്ട സമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതിനാൽ ഗിരിധറിൻ്റെ കണ്ണുകളിൽ ഇരുട്ട് മൂടി.
ഒരിക്കൽ അവരുടെ ഗ്രാമത്തിൽ ഒരു കുരങ്ങ് കളിക്കാരൻ എത്തി. ഗിരിധറും കൂട്ടുകാരും കൗതുകത്തോടെ അയാളോടൊപ്പം കൂടി. എന്നാൽ അവരുടെ നേരെ ചെന്ന കുരങ്ങിനെ പേടിച്ച് കുട്ടികൾ കൂട്ടം തെറ്റി ഓടി. ഓട്ടത്തിൽ കുഞ്ഞ് ഗിരിധർ ഉണങ്ങി വരണ്ടു കിടന്ന ഒരു ചെറിയ കിണറിലേക്ക് വീണു. കുറേ സമയത്തേക്ക് കിണറിൽ അകപ്പെട്ടു പോയ ഗിരിധറിനെ ഒരു പെൺകുട്ടി രക്ഷിച്ചു. വീട്ടിൽ എത്തിയ കുഞ്ഞിനോട് മുത്തശ്ശൻ പറഞ്ഞു;
” നീ എങ്ങനെയാണ് കിണറിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് അറിയാമോ ? ഇന്ന് പ്രഭാതത്തിൽ രാമ ചരിത മാനസത്തിൽ നിന്ന് നീ പഠിച്ച വരികൾ ഓർത്ത് നോക്കൂ,
‘ യഹ ചരിത ജേ ഗാവഹിം ഹരിപദ പാവഹിം തേ ന പരഹിം ഭവ കൂപാ ‘
( ആരാണോ ഇത് പാടുന്നത്, അവൻ ഹരിയുടെ പാദങ്ങളെ പ്രാപിക്കുന്നു. ഒരിക്കലും ജനന മരണങ്ങളുടെ കിണറിലേയ്ക്ക് അവൻ വീഴുകയില്ല)
ഇത് നീ എപ്പോഴും ജപിച്ച് കൊണ്ടിരിക്കണം.”
കുഞ്ഞ് ഗിരിധർ മുത്തശ്ശൻ പഠിപ്പിച്ച് തരുന്ന നാമങ്ങൾ വേഗത്തിൽ കേട്ട് പഠിച്ച് ജപിക്കാൻ തുടങ്ങി.
വൈകുന്നേരങ്ങളിൽ മുത്തശ്ശനും ഗിരിധറും ഒരുമിച്ച് ഇരിക്കും. മഹാഭാരതം, രാമായണം, ബ്രജ് വിലാസ്, പ്രേം സാഗർ, സുഖ് സാഗർ തുടങ്ങിയവയിലെ കഥാഭാഗങ്ങൾ മുത്തശ്ശൻ കുഞ്ഞിന് ഭംഗിയായി വിവരിച്ച് കൊടുക്കും.
മൂന്ന് വയസ്സിൽ മുത്തശ്ശന് അവൻ അവധി ഭാഷയിൽ സ്വന്തം കവിത ചൊല്ലിക്കൊടുത്തു. തൻ്റെ മകനോട് കുറുമ്പ് കാണിക്കുന്ന ഗോപിയോട് യശോദ കയർക്കുന്നതായാണ് പദ്യം!
അഞ്ചാം വയസ്സിൽ ജന്മാഷ്ടമിക്ക് കുഞ്ഞ് ഗിരിധർ ഗീത മന:പാഠമാക്കി ചൊല്ലി കേൾപ്പിച്ചു; ഏഴാം വയസ്സിൽ രാമനവമിയിൽ ഉപവാസം അനുഷ്ഠിച്ച് കൊണ്ട് തുളസീദാസിൻ്റെ രാമ ചരിത മാനസവും!
1968 – ലെ നിർജല ഏകാദശി ദിവസം ഗായത്രി ഉപദേശിച്ച് ഉപനയനം നടത്തിയതോടൊപ്പം അയോധ്യയിലെ പണ്ഡിറ്റ് ഈശ്വർദാസ് മഹാരാജ് രാമ മന്ത്ര ദീക്ഷയും നൽകി.
ഗിരിധരിനു വിദ്യാഭ്യാസം നേടണം എന്ന അദമ്യമായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തു. അന്ധ വിദ്യാലയത്തിൽ മകനെ വിടാൻ അമ്മ ഒരുക്കമായിരുന്നില്ല. അങ്ങനെ ആദർശ് ഗൗരിശങ്കർ സംസ്കൃത കോളേജിൽ ഗിരിധർ പഠനം ആരംഭിച്ചു. ഫസ്റ്റ് ക്ലാസിൽ ഡിസ്റ്റിംഗ്ഷൻ നേടിയാണ് ഉത്തര മധ്യമ പരീക്ഷ അവിടെ ഗിരിധർ പാസ് ആകുന്നത്.
വാരണാസിയിൽ നിന്നും വ്യാകരണത്തിൽ ഉപരി പഠനം, ശാസ്ത്രി പരീക്ഷയും ആചാര്യയും എല്ലാം ഒന്നാമനായി തന്നെ ഗിരിധർ വിജയിച്ചു. ഈ കാലഘട്ടത്തിൽ ആൾ ഇന്ത്യാ സംസ്കൃത കോൺഫറൻസിന് ഡൽഹിയിൽ എത്തിയ ഗിരിധർ എട്ടിൽ അഞ്ച് ( വ്യാകരണം,സാംഖ്യം, ന്യായം, വേദാന്തം, അന്താക്ഷരി) സ്വർണ മെഡലുകളും സ്വന്തമാക്കി. അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി സ്വന്തം മുടക്കിൽ വിദേശത്ത് അയച്ച് കണ്ണിനു ചികിത്സ നൽകാമെന്ന് പറഞ്ഞെങ്കിലും ഒരു മനോഹര ശ്ലോകം ചമച്ച് കൊണ്ട് ആ വാഗ്ദാനം അദ്ദേഹം തള്ളിക്കളഞ്ഞു.
കിം ദൃഷ്ടവ്യം പ്രതിതജഗതി
വ്യാപ്ത ദോഷോപ്യസത്യേ
മായാചാരാവ്രത തനുഭൃതാം
പാപ രാജദ്വിചാരേ|
ദൃഷ്ടവ്യോസൗ ചുകുരനികുരൈ:
പൂർണ വക്ത്രാരവിന്ദ:
പൂർണാനന്ദോ ധൃതശിശു തനു:
രാമചന്ദ്രോ മുകുന്ദ:||
കാപട്യം നിറഞ്ഞ ഈ ലോകത്ത് എന്താണ് കാണാനുള്ളത് ? മുക്തിയെ നൽകുന്നതായ, കാണേണ്ടുന്നതായ ഒരേ ഒരു കാഴ്ച, താമരപ്പൂ പോലെയുള്ള ആ ബലാരൂപത്തിലുള്ള ശ്രീരാമചന്ദ്ര ഭഗവാൻ്റെ മുഖം മാത്രമാണ്.
1976 ൽ ആചാര്യ പാസാകുമ്പോൾ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒരു മുഹൂർത്തം അരങ്ങേറി. വ്യാകരണം ആയിരുന്നു ഗിരിധർ പഠിച്ച വിഷയം എങ്കിലും അവിടെ ബിരുദാനന്തര ബിരുദം ഉണ്ടായിരുന്ന എല്ലാ വിഷയങ്ങളിലും ആചാര്യ പരീക്ഷ പാസാക്കി കൊണ്ട് ഗിരിധറിനെ അക്കാദമിക ലോകം ആദരിച്ചു. ‘Deliberation on the non- Paninian usages in the Adhyathma Ramayana’ എന്ന പേരിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച് കൊണ്ട് PhD. സംപൂർണാനന്ദ സംസ്കൃത സർവകലാശാലയിൽ വ്യാകരണ വിഭാഗത്തിൻ്റെ തലവനാകാൻ യുജിസി ആവശ്യപ്പെട്ടു എങ്കിലും തൻ്റെ സേവനം സമൂഹത്തിലെ സാധാരണക്കാരും വൈകല്യങ്ങൾ അനുഭവിക്കുന്നവരും ആയ ജനതയ്ക്ക് നൽക്കാൻ ആയിരുന്നു ആ യുവാവിൻ്റെ തീരുമാനം. തൻ്റെ നിയോഗം ബാലനായിരിക്കെ തന്നെ ഉൾവെളിച്ചം കൊണ്ട് അവൻ അറിഞ്ഞിരുന്നിരിക്കണം.
Investigation into verbal knowledge of every Sutra of the Ashtadhyayi of Panini എന്ന വിഷയത്തിൽ സംസ്കൃത പ്രബന്ധത്തിന് പോസ്റ്റ് ഡോക്ടറേറ്റ് വാചസ്പതി ബിരുദവും അന്നത്തെ രാഷ്ട്രപതി K R നാരായണനിൽ നിന്നും ഏറ്റ് വാങ്ങി.
പിന്നീട് വിരക്ത ദീക്ഷ സ്വീകരിച്ച് ആറ് മാസത്തെ പയോവ്രതം അനുഷ്ഠിച്ച് ചിത്രകൂടത്തിൽ വാസം. 1987 – ൽ അവിടെ തന്നെ തുളസീ പീഠം എന്ന നാമത്തിൽ മത സാമൂഹ്യ സേവനത്തിനായി ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചു. കാശി വിദ്വത് പരിഷദ് നൽകിയ ജഗദ് ഗുരു രാമാനന്ദാചാര്യ സ്ഥാനത്തെ 1989 -ൽ നടന്ന കുംഭ മേളയിൽ സന്യാസിവര്യന്മാർ ഐക കണ്‌ഠേന അംഗീകരിച്ചു.
രാമജന്മഭൂമി കേസിലും സ്വാമി നൽകിയ പ്രമാണങ്ങൾ വിധി പ്രസ്താവനയ്ക്ക് ഉപയോഗിക്കപ്പെട്ടു. 14 ഭാഷകളിൽ പ്രാവീണ്യം, 22 ഭാഷകൾ സംസാരിക്കും. 250 ഗ്രന്ഥങ്ങൾ രചിക്കുകയും അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
അൻപത്തിയെട്ടാമത് ജ്ഞാനപീഠ പുരസ്കാരം നൽകി രാജ്യം ആദരിച്ച ജഗദ്ഗുരു രാമഭദ്രാചാര്യ സ്വാമികളുടെ പാദങ്ങളിൽ ആത്മപ്രണാമം.
Discussion about this post