സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴയിൽ കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിലും കണ്ണൂരിൽ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണുള്ളത്. വരുംദിവസങ്ങളിൽ മഴ കനത്താൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇന്നലെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 9 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)
കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)
തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Discussion about this post