മുംബൈ : വരാനിരിക്കുന്ന മഹാഭാരതം സിനിമയ്ക്ക് ശേഷം സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് സൂചന നൽകി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. അതിനുശേഷം മറ്റൊരു സിനിമയും ഉണ്ടാകാൻ സാധ്യതയില്ല. മഹാഭാരതം ശരിക്കും ഒരു ഡ്രീം പ്രോജക്ട് ആണ്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാത്രമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്നും ആമിർ ഖാൻ വ്യക്തമാക്കി.
ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരേ സമീൻ പർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
37 വർഷത്തെ ബോളിവുഡ് കരിയറിൽ ഏറ്റവും വലിയ സ്വപ്നമാണ് മഹാഭാരതം സിനിമ എന്നുള്ളതും അദ്ദേഹം വ്യക്തമാക്കി. ഈ സിനിമയ്ക്ക് ശേഷം തന്റെ സിനിമ ജീവിതം അവസാനിച്ചേക്കും എന്നും അദ്ദേഹം ഈ അഭിമുഖത്തിൽ സൂചന നൽകി.
മഹാഭാരതത്തിലെ താരങ്ങളെ കുറിച്ച് കൂടുതൽ തീരുമാനങ്ങൾ ആയിട്ടില്ല. അതേസമയം താൻ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് അമീർഖാൻ വ്യക്തമാക്കി. അതിനുശേഷം മറ്റൊന്നും ചെയ്യാനില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തിപരമായി എനിക്ക് ശ്രീകൃഷ്ണന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്. പക്ഷേ അത് ശരിക്കും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യവും കൂടിയാണ്. മഹാഭാരതം പൂർണമായി കഴിഞ്ഞാൽ അതിനപ്പുറം മറ്റൊന്നുമില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും ആമിർഖാൻ കൂട്ടിച്ചേർത്തു.
Discussion about this post