മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി വി അൻവറുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച തെറ്റായിപ്പോയെന്ന് സതീശൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് ഈ കൂടിക്കാഴ്ച നടന്നത്. പി വി അൻവറുമായുള്ള ചർച്ചയുടെ എല്ലാ വാതിലുകളും അടച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അൻവറുമായി ചർച്ച നടത്താൻ കോൺഗ്രസ് ആരെയും നിയോഗിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഒരു ജൂനിയർ എംഎൽഎ ആണ്. അങ്ങനെ ഒരാളെ ആരെങ്കിലും സമവായ ചർച്ചയ്ക്ക് നിയോഗിക്കുമോ? നേതൃത്വത്തിന്റെ യാതൊരു അറിവും ഇല്ലാതെയാണ് രാഹുൽ പി വി അൻവറിനെ കണ്ടത്. അൻവറിന്റെ മുമ്പിൽ യുഡിഎഫ് വാതിൽ അടച്ചു കഴിഞ്ഞതാണ് എന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അനിയനെ പോലെയാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും എന്നും സതീശൻ വ്യക്തമാക്കി. അൻവറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരവുമായി രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ രംഗത്തെത്തിയിരുന്നു. പി വി അൻവറിനോട് പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നാണ് അഭ്യർഥിച്ചത് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചത്.
Discussion about this post