ഭോപ്പാൽ : പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയും ആയ രാഹുൽ ഗാന്ധി പാരാ-സ്‌പോർട്‌സ് താരങ്ങളായ ദിവ്യാംഗ വ്യക്തികളെ അധിക്ഷേപിച്ചതായി പരാതി. മധ്യപ്രദേശ് സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധി ദിവ്യാംഗ കായികതാരങ്ങളെ അപമാനിക്കുന്ന പരാമർശം നടത്തിയത്. ‘മുടന്തൻ കുതിര’ എന്നർത്ഥം വരുന്ന ‘ലംഗ്ഡ ഘോഡ’ എന്നാണ് ദിവ്യാംഗ കായികതാരങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശം.
രാഹുൽ ഗാന്ധിയുടെ ഈ അധിക്ഷേപത്തിനെതിരെ പാരാ-സ്‌പോർട്‌സ് താരങ്ങൾ മധ്യപ്രദേശ് കായിക മന്ത്രാലയത്തിന് നിവേദനം നൽകി. ജൂൺ 3 ന് നടന്ന ഭോപ്പാൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം തീർത്തും നിരുത്തരവാദപരം ആണെന്നും പാരാ-സ്‌പോർട്‌സ് താരങ്ങളെ അപമാനിക്കുന്നതാണെന്നും കായികതാരങ്ങൾ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായിക, യുവജനക്ഷേമ മന്ത്രി വിശ്വാസ് സാരംഗിന് നിവേദനം നൽകിയതായും കായികതാരങ്ങൾ അറിയിച്ചു.
“ഒരുവശത്ത് നമ്മുടെ പ്രധാനമന്ത്രി എല്ലാ മേഖലകളിലെയും കഴിവുള്ള കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വികലാംഗർ എന്ന വാക്കുപോലും പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഭിന്നശേഷിക്കാരായ ഞങ്ങളെ ദിവ്യാംഗർ എന്ന് വിശേഷിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. അതേ സ്ഥാനത്താണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ ഞങ്ങളെപ്പോലുള്ള കായിക താരങ്ങളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയിരിക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുന്ന ആൾ എന്ന നിലയിൽ അത്തരം അവഹേളനപരമായ വാക്കുകൾ പറയരുത്. മുഴുവൻ ദിവ്യാംഗ സമൂഹത്തെയും ഇത് വേദനിപ്പിച്ചു. രാഹുൽ ഗാന്ധി മുഴുവൻ ദിവ്യാംഗ സമൂഹത്തോടും ക്ഷമ ചോദിക്കണം. ഞങ്ങളും ഈ രാജ്യത്തുള്ളവരാണ്. ഈ രാജ്യത്തിന്റെ പുരോഗതിക്ക് ഞങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുന്നവരും ആണ്. വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുൽഗാന്ധിക്ക് ഞങ്ങളുടെ വേദന മനസ്സിലാകില്ല, പക്ഷേ ഞങ്ങളുടെ അന്തസ്സിനെ വ്രണപ്പെടുത്തരുത് എന്ന് ” ഭോപ്പാലിൽ നിന്നുള്ള പാരാ-സ്‌പോർട്‌സ് താരങ്ങൾ വ്യക്തമാക്കി.
Discussion about this post