സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ആരോപണങ്ങൾക്കൊന്നും പരാതിക്കാർ തെളിവ് ഹാജരാക്കിയില്ല. അവർ എന്ന് തെളിവ് നൽകുന്നോ അന്ന് ആരോപണങ്ങൾ ഏറ്റെടുക്കാമെന്ന് ദിയ പറഞ്ഞു.
ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി.
അധികാരത്തോടെ സംസാരിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ അവർക്ക് ശമ്പളം നൽകുന്ന ആളാണ്. അതിന്റെ അധികാരം എനിക്കുണ്ടല്ലോ. ഉത്തരം മുട്ടുമ്പോൾ ജാതി കാർഡ് ഇറക്കുകയാണ്. ഇവരുടെ കൂടെയിരുന്നു ജോലി ചെയ്ത ആളാണ് ഞാൻ. ജാതിക്കു പ്രശ്നം ഉണ്ടെങ്കിൽ ഇവരെ ഞാൻ എന്തിനാണ് എടുത്തത്. ഈ മൂന്നുപേരെ ഞാൻ എന്തിന് എടുക്കണം. എന്തിനാണ് ഇതിൽ ജാതിയും മതവും കൊണ്ടുവരുന്നതെന്ന് എനിക്ക് അറിയില്ലെന്ന് ദിയ പറയുന്നു.
കടയിൽ എത്തുന്നവരോട് ക്യുആർ കോഡും കാർഡ് മെഷീനും പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവർ ക്യാഷ് ആവശ്യപ്പെട്ടത്. ക്യാഷ് കൊണ്ടു വന്നില്ലെന്നു പറഞ്ഞവരോട് താഴെ കാത്തു നിൽക്കാം, ക്യാഷ് എടുത്തു വരാനും നിർബന്ധിച്ചു. കടയിൽ ഒരു റജിസ്റ്റർ ഉണ്ട്. വരുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ അതിലാണ് രേഖപ്പെടുത്താറുള്ളത്. ആളുകൾ വരുമ്പോൾ ആ റജിസ്റ്റർ ബുക്ക് എടുത്ത് ക്യുആർ കോഡിന്റെ മുകളിലേക്ക് വയ്ക്കും. കടയിൽ വരുന്നവർ അതുകൊണ്ട് ആ ക്യുആർ കോഡ് കാണുന്നില്ല. സാധനങ്ങൾ വാങ്ങിയതിനു ശേഷം ഡിസ്‌കൗണ്ട് ചോദിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടില്ലാത്ത ഡിസ്‌കൗണ്ട് അവർ തന്നെ കൊടുക്കും. കസ്റ്റമേഴ്‌സ് നോക്കുമ്പോൾ അവർക്ക് നല്ല ഡിസ്‌കൗണ്ട് കിട്ടുന്നു. ഇവരെ സംബന്ധിച്ചിടത്തോളം അവർ കാശു മുടക്കാത്ത ഒരു സാധനത്തിന് 10 രൂപ കിട്ടിയാലും ലാഭമല്ലേ. മൂന്നുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ദിയ ആരോപിച്ചു.
ജോലിക്ക് കയറിയിട്ട് ഒരു വർഷമായി. കസ്റ്റമേഴ്‌സിൻറെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് മേടിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. ദിയ ആണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം മതിയെന്ന് പറഞ്ഞത്. എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്‌സിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജീവനക്കാർ കാരണം 200 ഓർഡർ നഷ്ടമായെന്ന് ദിയ പറഞ്ഞു. ഇതിന് പകരം 5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ജീവനക്കാരുടെ അഡ്രസ് ആണ് ഉപയോഗിച്ചത്. രണ്ടു വാഹനങ്ങളിലായി ഞങ്ങളെ തട്ടിക്കൊണ്ടു പോവുകയാണ് ചെയ്തതെന്നായിരുന്നു ജീവനക്കാരികൾ പറഞ്ഞത്.
Discussion about this post