നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. ജൂൺ 10, 11 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആറ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യെല്ലോ അലർട്ട്, ജൂൺ 10
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂൺ 11 ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്
ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം, മേയ് അവസാന വാരത്തോടെ ആരംഭിച്ച മഴയിൽ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതന് ശുചീകരണ പരിപാടികൾ തദ്ദേശ തലത്തിൽ ശക്തമാക്കാനും നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്മാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 10,11 തീയതികൾ മുതൽ കാലവർഷം സജീവമാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Discussion about this post