ന്യൂഡൽഹി : ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാവിലക്കുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ വ്യാജം. ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ യാതൊരു യാത്രാവിലക്കും പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ഹജ്ജ് തീർത്ഥാടകർക്ക് മാത്രമാണ്. ഹജ്ജ് സീസണിൽ തിരക്ക് ഒഴിവാക്കാൻ ഹ്രസ്വകാല വിസകൾക്കുള്ള താൽക്കാലിക നിയന്ത്രണങ്ങളാണ് സൗദി അറേബ്യ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഹജ്ജ് അവസാനത്തോടെ അവസാനിക്കുന്നതാണ്.
ഇന്ത്യ, തുർക്കി, ജോർദാൻ, ഈജിപ്ത്, ഇറാഖ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, യെമൻ, സുഡാൻ, എത്യോപ്യ, നൈജീരിയ, ലിബിയ, കെനിയ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ബ്ലോക്ക് വർക്ക് വിസകൾ താൽക്കാലികമായി നിർത്തിവച്ചതായി സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അനധികൃത ഹജ്ജ് തീർത്ഥാടകരെ തടയുന്നതിനായാണ് ഈ നടപടി. ഹജ്ജിൽ പങ്കെടുക്കുന്നതിനായി തീർത്ഥാടകരല്ലാത്ത വിസകളുടെ ദുരുപയോഗത്തെക്കുറിച്ചുമുള്ള ആശങ്കകളാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് സൗദി വ്യക്തമാക്കുന്നത്.
ഹജ്ജ് സമയത്ത് ഇത്തരം സീസണൽ നിയന്ത്രണങ്ങൾ പതിവാണെന്നും സൗദി അറേബ്യ വ്യക്തമാക്കുന്നു. ഇതിനകം തന്നെ സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 2,69,000-ത്തിലധികം ആളുകളെ മക്കയിൽ പ്രവേശിക്കുന്നത് തടഞ്ഞതായി സൗദി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷത്തെ തീർത്ഥാടന വേളയിൽ കനത്ത ചൂട് മൂലം ഉണ്ടായ മരണങ്ങൾക്ക് പ്രധാന കാരണമായത് അനധികൃത ഹജ്ജ് തീർത്ഥാടകർ സൃഷ്ടിച്ച തിരക്കാണ് എന്നാണ് സൗദി വിലയിരുത്തുന്നത്.
Discussion about this post