റായ്പൂർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരവിന്ദ് നേതം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഛത്തീസ്ഗഡിൽ വിവാദമാകുന്നു. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയത്തിനാണ് സംഭവം വഴി വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ ആദിവാസി മുഖമാണ് അരവിന്ദ് നേതം. ആർഎസ്എസ് പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തത് കൂടാതെ ആദിവാസികൾക്കായുള്ള സംഘത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വിദ്യാഭ്യാസ, സാമൂഹികക്ഷേമ സഹമന്ത്രിയും പി.വി. നരസിംഹറാവു മന്ത്രിസഭയിൽ കൃഷി സഹമന്ത്രിയുമായിരുന്നു അരവിന്ദ് നേതം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വളണ്ടിയർ പരിശീലന ക്യാമ്പായ കാര്യകർത്താ വികാസ് വർഗ്-ദ്വിതീയ സമാപൻ സമരോയിൽ ആണ് അരവിന്ദ് നേതം ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനൊപ്പം വേദി പങ്കിട്ടത്. രാജ്യത്തെ ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതപരിവർത്തനം ആണെന്ന് അദ്ദേഹം പരിപാടിയിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരുകൾ ഈ ഭീഷണി നേരിടുന്നതിൽ പരാജയപ്പെടുകയാണ്. കേന്ദ്രസർക്കാർ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കണമെന്നും അരവിന്ദ് നേതം ആവശ്യപ്പെട്ടു.
സംഘത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് ഈ സന്ദർശനത്തിലൂടെ ലഭിച്ചതായി നാഗ്പൂരിൽ നടന്ന ചടങ്ങിൽ അരവിന്ദ് നേതം വ്യക്തമാക്കി. ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്ര അച്ചടക്കത്തിനും തുറന്ന മനസ്സിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഒരു ആർഎസ്‌എസ് പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുന്നത് ഇതാദ്യമാണെന്നും രാഷ്ട്രീയ ധാരണയ്ക്ക് അപ്പുറം സംഘടനയെ മനസ്സിലാക്കാൻ ഇത് അവസരം നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോൺഗ്രസ് കാലഘട്ടത്തിലെ, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെയും നരസിംഹറാവുവിന്റെയും നേതൃത്വത്തിലുണ്ടായ ഉദാരവൽക്കരണ നയങ്ങളിൽ ആദിവാസി സമൂഹങ്ങൾ വർദ്ധിച്ചുവരുന്ന ഭീഷണികൾ നേരിട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ സ്ഥാപന പിന്തുണയും പരാജയപ്പെടുമ്പോൾ, കേൾക്കാനും ഇടപെടാനും ഇപ്പോഴും തയ്യാറുള്ള ചുരുക്കം ചില സംഘടനകളിൽ ഒന്നാണ് ആർഎസ്എസ് എന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്‌എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെങ്കിലും, സമൂഹത്തിൽ അത് ഒരു പ്രധാന പ്രത്യയശാസ്ത്ര പങ്ക് വഹിക്കുന്നുണ്ട്. സംഘത്തിനുള്ളിലെ അച്ചടക്കവും താൻ കണ്ട പ്രത്യയശാസ്ത്ര ചർച്ചകളുടെ ആഴവും തന്നെ പ്രത്യേകിച്ച് ആകർഷിച്ചുവെന്നും അരവിന്ദ് നേതം അഭിപ്രായപ്പെട്ടു.
Discussion about this post