ശ്രീനഗർ: വന്ദേഭാരത് ട്രെയിനിൽ ശ്രീനഗർ-കത്ര റെയിൽപാതയിലൂടെ സഞ്ചരിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. കശ്മീർ ഒടുവിൽ രാജ്യത്തെ റെയിൽ ശൃംഖലകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു, കണ്ണുകൾ നിറയുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള വികാരാധീനനായി പറഞ്ഞു.
ഇതു സാധ്യമാക്കിയതിന് എഞ്ചിനീയർമാർ, തൊഴിലാളികൾ തുടങ്ങി പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ ട്രെയിൻ സർവീസ് ജനങ്ങളുടെ വിജയമാണ്. ഇതുവഴി യാത്രയും വ്യാപാരവും സുഗമമാകും എന്നു മാത്രമല്ല, ടൂറിസം സാധ്യതയും വർധിക്കും. ഈ ട്രെയിൻ സർവ്വീസ് ഇതര മേഖലകൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്തുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
ആദ്യമായിട്ടാണ് ഫാറൂഖ് അബ്ദുള്ള ശ്രീനഗറിൽ നിന്നും കത്രയിലേക്ക് ട്രെയിൻമാർഗം സഞ്ചരിക്കുന്നത്. അമർനാഥ് തീർത്ഥാടകർ ദേവാലയ സന്ദർശനത്തിനായി ഈ ട്രെയിൻ സർവീസ് നല്ല തോതിൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജൂലൈ മൂന്നിനാണ് തീർത്ഥാടനം ആരംഭിക്കുന്നത്. ട്രെയിൻ സർവീസുകൾ കശ്മീരിലെ ഹോർട്ടികൾച്ചർ മേഖലയ്ക്ക് പ്രയോജനകരമാകുമെന്നും, കന്യാകുമാരി, മുംഹൈ, കൊൽക്കത്ത തുടങ്ങി രാജ്യത്തെ വിദൂര മാർക്കറ്റുകളിൽ വരെ ഉത്പന്നങ്ങൾ വേഗത്തിൽ എത്തിക്കാനാകുമെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
Discussion about this post