ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ വിദേശപര്യടനം നടത്തിയ ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്.
വിദേശരാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാൻ പോയി അതായിരുന്നു തന്റെ കടമ,അത് താൻ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകും. പറയാനുള്ളതെല്ലാം കേൾക്കേണ്ടവരെ കേൾപ്പിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും തരൂർ പറഞ്ഞു.
ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചു. പാകിസ്താൻ മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമർശിച്ചില്ലെന്നും തരൂർ പറഞ്ഞു. യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ല. സ്‌കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് നിർത്തുന്നത് പോലുള്ളതല്ല ഇക്കാര്യത്തിലെ മധ്യസ്ഥത. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ മറുപടി നൽകും എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാകിസ്താൻ നിർത്തിയാൽ തങ്ങളും നിർത്തും. ഇതായിരുന്നു അമേരിക്കയെ അറിയിച്ചത്. അത് അമേരിക്ക പാകിസ്താനെ അറിയിച്ച് അവരെ കൊണ്ട് നിർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനീയമാണ്. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല ശശി തരൂർ പ്രതികരിച്ചു.
Discussion about this post