കേരളസമുദ്രാതിർത്തിയിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം.കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറിയും കപ്പലിന് അടുത്തേക്ക് കോസ്റ്റ് ഗാർഡിനടക്കം പോകുന്നതിന് തടസ്സമാകുകയാണ്. കപ്പലിന്റെ പരമാവധി അടുത്തേക്ക് എത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് ശ്രമം.
നിലവിൽ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇപ്പോഴും കപ്പലിൽനിന്ന് വൻതോതിൽ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാൻ കോസ്റ്റ് ഗാർഡ് തീവ്രശ്രമത്തിലാണ്. ഏകദേശം 650-കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. ഈ ഭാഗത്തേക്ക് തീപടർന്നാൽ വൻദുരന്തമാകും.
Discussion about this post