വാഷിംഗ്ടൺ : ടിക്ടോക് എക്സ്പ്രഷൻ വീഡിയോകളിലൂടെ ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഖാബി ലാം. സെറിംഗെ ഖബാനെ ലാം എന്ന ഖാബി ലാമിനെ കഴിഞ്ഞദിവസം അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തിരുന്നു. സെനഗൽ സ്വദേശിയും ഇറ്റാലിയൻ പൗരനുമായ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ലാസ് വെഗാസിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഖാബി ലാമിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ഏപ്രിൽ 30 ന് യുഎസിൽ എത്തിയ ലാം വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിബന്ധനകൾ പാലിക്കാതെ യുഎസിൽ തങ്ങി എന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
സെനഗലിൽ ജനിച്ച 25 കാരനായ ഖാബി ലാം നിലവിൽ ഇറ്റാലിയൻ പൗരനാണ്. വിദേശ പൗരന്മാർക്ക് ഔപചാരികമായ നാടുകടത്തൽ ഉത്തരവില്ലാതെ രാജ്യം വിടാൻ അനുവദിക്കുന്ന നിയമപരമായ രീതിയിലൂടെയാണ് ലാമിനെ നാട്ടിലേക്ക് തിരികെ അയച്ചത് എന്നാണ് യുഎസ് അധികൃതർ വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ച് തിരികെ അയക്കുന്ന വിദേശ പൗരന്മാർക്ക് വീണ്ടും വിസയ്ക്ക് അപേക്ഷിക്കുകയും നിയമപരമായ വിസയിലൂടെ തിരികെ വരാൻ കഴിയുകയും ചെയ്യുന്നതാണ്. ടിക് ടോക്കിൽ 162 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ലാം കോവിഡ് മഹാമാരി കാലത്ത് എക്സ്പ്രഷൻ വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്.
Discussion about this post