പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്ന് വൈകിട്ട് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി എംപിമാരും എംഎൽഎമാരുമുൾപ്പെടെ 70 ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി സമയം നിശ്ചയിച്ചിരുന്നതാണ്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇവരെല്ലാം ആർടി- പിസിആർ ടെസ്റ്റ് ചെയ്യേണ്ടിവരും. പ്രധാനമന്ത്രി മോദി ഒരു റാലി നടത്തുന്ന സന്ദർഭങ്ങളിൽ – വേദിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശോധന നടത്തേണ്ടി വരും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെ സജീവ കൊറോണ വൈറസ് കേസുകൾ 7,121 ആയി ഉയർന്നു, കേരളത്തിലാണ് ഏറ്റവുമധികം രോഗബാധി. തൊട്ടുപിന്നിൽ ഗുജറാത്ത്, ഡൽഹി എന്നിവയാണ് കേരളത്തിൽ 2,223, ഗുജറാത്ത് 1,223, ഡൽഹി 757, പശ്ചിമ ബംഗാൾ 747 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകൾ. മഹാരാഷ്ട്രയിൽ ഇതുവരെ ആകെ 615 കേസുകളും കർണാടകയിൽ 459 ഉം ഉത്തർപ്രദേശിൽ 229 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 204, പുതുച്ചേരി 10, ഹരിയാന 125, ആന്ധ്രാപ്രദേശ് 72, മധ്യപ്രദേശ് 65, ഗോവയിൽ ആറ് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post