ന്യൂയോർക്ക് : യുഎസ് വിമാനത്താവളത്തിൽ ഇന്ത്യക്കാരനായ വിദ്യാർത്ഥിയെ വിലങ്ങുവെച്ച് കീഴ്പ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ വിമർശനമായിരുന്നു ഈ വീഡിയോക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ യഥാർത്ഥ വസ്തുത വ്യക്തമാക്കിയിരിക്കുകയാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്.
വിദ്യാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായ മോശം പെരുമാറ്റമാണ് വിലങ്ങുവെച്ച് കീഴ്പ്പെടുത്താൻ കാരണമായതെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത്. ഹരിയാന സ്വദേശിയാണ് വിദ്യാർത്ഥി. നിയമവിരുദ്ധമായാണ് അമേരിക്കയിൽ എത്തിയത്. യാത്രയിലെ മോശം പെരുമാറ്റവും ബഹളമുണ്ടാക്കിയതും ആണ് പോലീസ് വിലങ്ങു വയ്ക്കാൻ കാരണമായത് എന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
ഈ വിദ്യാർത്ഥി വളരെ അസ്വസ്ഥൻ ആയിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. ആരോഗ്യ പരിശോധനകൾ നടത്താനായി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനകൾ പൂർത്തിയായാൽ ഇന്ത്യയിലേക്ക് തിരികെ അയക്കും. സ്ഥിതിഗതികൾ ഇന്ത്യൻ കോൺസുലേറ്റ് വിശദമായി വിലയിരുത്തുന്നുണ്ടെന്നും വിദ്യാർത്ഥിയുടെ വിവരങ്ങൾ അധികൃതരിൽ നിന്നും കൃത്യമായി തേടുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
Discussion about this post