സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം
ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്‌കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്തെത്തിയിരുന്നു. സ്‌കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടിയാണ് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഹൈസ്‌കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്‌കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.
Discussion about this post