ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനങ്ങളിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ പരിശോധന നടത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.
ആവർത്തിച്ചുള്ള ഈ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് വ്യോമയാന റെഗുലേറ്റർ അടിയന്തരവും സമഗ്രവുമായ അറ്റകുറ്റപ്പണി നടപടികൾ നിർബന്ധമാക്കി. എയർ ഇന്ത്യയുടെ ബോയിംഗ് 787-8, 787-9 വിമാനങ്ങളിൽ ആണ് സുരക്ഷാ പരിശോധനകൾ നടത്തുക. എയർ ഇന്ത്യ സർവീസ് നടത്തുന്ന ഓരോ ബോയിംഗ് 787-8/9 വിമാനവും പറന്നുയരുന്നതിന് മുമ്പ് നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഡിജിസിഎ ഉത്തരവ്. പുറപ്പെടുവിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഉത്തരവ്.
വിമാനവുമായി ബന്ധപ്പെട്ട എല്ലാ സിസ്റ്റങ്ങളുടെയും ഇന്ധന പാരാമീറ്റർ നിരീക്ഷണവും പരിശോധനയും കർശനമാക്കുക, എഞ്ചിൻ ഇന്ധന-ചാലിത ആക്യുവേറ്ററിന്റെ പ്രവർത്തന പരിശോധനയും ഓയിൽ സിസ്റ്റം വിലയിരുത്തലും, ക്യാബിൻ എയർ കംപ്രസ്സർ പരിശോധന, എഞ്ചിൻ ഇന്ധന-ചാലിത ആക്യുവേറ്ററിന്റെ പ്രവർത്തന പരിശോധനയും ഓയിൽ സിസ്റ്റം വിലയിരുത്തലും, ഹൈഡ്രോളിക് സിസ്റ്റം സർവീസിംഗും പ്രവർത്തനക്ഷമത പരിശോധനയും, ടേക്ക്-ഓഫ് പ്രകടന പാരാമീറ്ററുകളുടെ അവലോകനം എന്നിവ പരിശോധിക്കാനാണ് ഡിജിസിഎ ഉത്തരവിട്ടിട്ടുള്ളത്. എയർ ഇന്ത്യയുടെ ഫ്ലീറ്റിലുള്ള എല്ലാ ബോയിംഗ് ഡ്രീംലൈനറുകളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് ഡിജിസിഎ അറിയിച്ചിട്ടുള്ളത്.
Discussion about this post