ജമാഅത്തെ ഇസ്ലാമി അയക്കുന്ന വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയാണെന്നും അത് ഇപ്പോഴും ആവർത്തിക്കുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാൻ എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞത്. ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് ജമാഅത്തെ ഇസ്ലാമി അപകീർത്തി നോട്ടീസ് നൽകിയത്. വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന അയച്ച നോട്ടീസിലെ ആവശ്യം.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രണത്തിൽ പ്രതിഷേധിക്കാത്ത, അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് ജമാ അത്തെ ഇസ്ലാമിയാണ് എന്നായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമർശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Discussion about this post