പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്ന റാപ്പർ വേടന്റെ പ്രസ്താവനക്കെതിരെ കൃത്യമായ മറുപടി നൽകുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറിയായ പി ശ്യാംരാജ്. ഏഷ്യയിലെ ഒരേയൊരു ഗോത്രവർഗ്ഗമായ ചോല നായ്ക്കർ വിഭാഗത്തിൽപ്പെട്ട വിനോദിനെ കുറിച്ചാണ് ശ്യാം രാജിന്റെ പോസ്റ്റ്. ഡിഎൻഎയിൽ പഠിക്കാൻ നല്ല കഴിവുള്ള, നിലവിൽ കുസാറ്റിൽ പിഎച്ച്ഡി ചെയ്യുന്ന വിനോദിനെ പോലെയുള്ളവരെയാണ് കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും എന്ന് ശ്യാംരാജ് വ്യക്തമാക്കുന്നു.
പി ശ്യാംരാജ് പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം,
വിനോദ് -“DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള” ആദിവാസി യുവാവ്……
കേരളം ആഘോഷിക്കേണ്ടത്, മാതൃകയാക്കേണ്ടത് വിനോദിനെയാണ്.
ഗുഹാ നിവാസികളായ ഏഷ്യയിലെ ഒരേയൊരു ഗോത്രവർഗ്ഗമായ ചോല നായ്ക്കർ വിഭാഗത്തിൽപ്പെട്ടയാൾ.
ട്രൈബ്സിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്തന ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാൾ….
ഏകദേശം 500 ഓളം ചോല നായ്ക്കറേ ഈ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ.
നിലമ്പൂരിലെ ഗുഹയിൽ നിന്നും വിനോദ് മലയിറങ്ങി. പാലേമാട് SVPK കോളേജിൽ നിന്നും ഡിഗ്രി പാസായി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും PGയും എഴുതിയെടുത്തു.ഇപ്പോൾ കുസാറ്റിൽ തന്നെ Phdയും ചെയ്യുന്നു…
ഇതിനിടയിൽ നോർവേയിലും,ലണ്ടനിലും പോയി സെമിനാറുകൾ അവതരിപ്പിച്ചു.ഇനി യൂറോപ്പിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നു….
നിലമ്പൂരിൻ്റെ ഉൾക്കാട്ടിലെ ഗുഹയിൽ നിന്നും ലണ്ടൻ വരെയെത്താൻ വിനോദ് താണ്ടിയ ദൂരമൊന്നും കേരളത്തിൽ മറ്റാരും താണ്ടിയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല….
ആ ദൂരം എന്നു പറയുന്നത് ഡൽഹി മുതൽ ലണ്ടൻ വരെയുള്ള എയർ ഡിസ്റ്റൻസല്ല. അവന്റെ ജീവിതത്തിൽ അവൻ താണ്ടിയ,നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആ ദൂരമാണ്….
ആത്മവിശ്വാസത്തിന് ഒരാൾ രൂപം ഉണ്ടെങ്കിൽ അതിൻറെ പേര് വിനോദ് മാഞ്ചേരി എന്നാണ്. അതുകൊണ്ടുതന്നെ ഇന്നീ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനത്തിൽ കേരളവും കേരളത്തിലെ ആദിവാസി-ദളിത് സമൂഹവും ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെ തന്നെയാണ്.
ഞങ്ങളുടെ പിന്നിലുള്ള പ്രതിമകൾ ചോല നായ്ക്കരുടെ വീര നായകനായ മാതനും,അദ്ദേഹത്തിൻ്റെ പ്രിയ പത്നിയുമാണ്.അവരുടെ സംസ്കാരമനുസരിച്ച്,അവർക്കെതിരെ ഒരാക്രമണം ഉണ്ടായാൽ കൂട്ടത്തിലെ യോദ്ധാക്കൾ ആക്രമണം നേരിടുകയും കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്യും.അങ്ങനെ തന്റെ പോലുമല്ലാത്ത കുട്ടികളെ രക്ഷപ്പെടുത്താൻ കാട്ടാനകൾക്ക് മുൻപിൽ പോയി വീര മരണം പ്രാപിച്ചതാണ് മാതൻ മുത്തച്ഛൻ….
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, അവൻ്റെ “ഡിഎൻഎയിൽ പഠിക്കാനുള്ള” നല്ല കഴിവുണ്ട്….
Discussion about this post