സ്മാർട്ട്‌ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാനാവില്ല. എന്തിനും ഏതിനും ഇപ്പോൾ സ്മാർട്ട്‌ഫോൺ കൂടിയേ തീരു. നമ്മുടെ വിനോദവും വിജ്ഞാനവും എന്ന് വേണ്ട, സാമ്പത്തിക ഇടപാടുകളും സേവനങ്ങളുമെല്ലാം ഫോണിലൂടെ ചെയ്ത് തീർക്കാനാണ് നാം ആഗ്രഹിക്കുന്നത്. സമയം ഒരുപാട് ലാഭിച്ച് നൽകുന്ന ഏർപ്പാടാണ് ഇതെങ്കിൽ കൂടി നമ്മുടെ ചെറിയൊരു അശ്രദ്ധ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും നാം തട്ടിപ്പിന് ഇരയാവാൻ കാരണമാവുകയും ചെയ്യും.
പലരേഖകളുമായും സേവനങ്ങളുമായും നാം നമ്മുടെ ആധാർ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ പലപ്പോഴും നമ്മുടെ ആധാർ ഉപയോഗിച്ച് നിങ്ങൾ പോലുമറിയാതെ സിം കാർഡുകളെടുത്ത് ഹാക്കർമാർ തട്ടിപ്പുകൾ നടത്താറുണ്ട്. ഇങ്ങനെ നമ്മുടെ ആധാർ അല്ലെങ്കിൽ മറ്റ് രേഖകൾ ഉപയോഗിച്ച് ഒരാൾ സിമ്മെടുത്താൽ നമുക്ക് അറിയാൻ സാധിക്കണമെന്നില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും ചെറുക്കാനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചുള്ള ഒന്നാണ് ‘സഞ്ചാർ സാത്തി പ്ലാറ്റ്ഫോം’.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി – ഡോട്ട് ) ആണ് ഈ ഡിജിറ്റൽ സേവനം വികസിപ്പിച്ചെടുത്തത്. നിങ്ങളുടെ മൊബൈൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനുമാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം എന്തെല്ലാം സേവനങ്ങളാണ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.
സേവനങ്ങൾ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സഹായിക്കും. ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഫോൺ ട്രാക്ക് ചെയ്യാൻ സഹായിക്കും. നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും കണ്ടെത്താനാകും. വ്യാജ അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാം. നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണുകളുടെ ആധികാരികത പരിശോധിക്കാം.
സഞ്ചാർ സാത്തി പ്ലാറ്റ്ഫോം ഉപയോഗിച്ച് നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം sancharsaathi.gov.inഎന്ന പോർട്ടൽ സന്ദർശിക്കുക. ‘സിറ്റിസൺ സെൻട്രിക് സർവീസസ്’ എന്നതെടുത്ത് ‘നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയുക’ എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. ശേഷം നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറും കാപ്ച കോഡും നൽകുക. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒറ്റത്തവണ പാസ്വേഡ് (OTP) ലഭിക്കും. ലോഗിൻ ചെയ്യാൻ OTP നൽകുക. നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ (ആധാർ പോലുള്ളവ ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും ഒരു ലിസ്റ്റ് പോർട്ടൽ പ്രദർശിപ്പിക്കും.
പോർട്ടലിൽ കാണുന്നതിൽ നിങ്ങൾ എടുത്തതല്ലാതെ നമ്പറുകൾ കണ്ടാൽ പരിഭ്രാന്തരാകരുത്. നമ്പർ അൺലിങ്ക് ചെയ്യാനുള്ള ഓപ്ഷൻ പോർട്ടലിൽ കാണാം. അതെടുക്കുമ്പോൾ ”എന്റെ നമ്പറല്ല” എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോഴൊരു ഐഡി നമ്പർ ലഭിക്കും. ഇതേക്കുറിച്ച് പിന്നീട് നോക്കുന്നതിനായി ഈ ഐഡി സൂക്ഷിക്കുക. അനധികൃതമാണെന്ന് കണ്ടെത്തിയാൽ ആ കണക്ഷനുകൾ നിർജ്ജീവമാകും. അതിലൂടെ ദുരുപയോഗം തടഞ്ഞ് നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാം.
അതേസമയം തട്ടിപ്പുകാരുടെ ഫോൺ വിളികളും സന്ദേശങ്ങളും പരാതിപ്പെടുന്നതിനുള്ള സംവിധാനമാണ് ചക്ഷു പോർട്ടൽ. തട്ടിപ്പുകൾ പരാതിപ്പെടാൻ ചക്ഷു പോർട്ടൽ എങ്ങനെ ഉപയോഗിക്കാം? sancharsaathi.gov.in എന്ന യുആർഎൽ സന്ദർശിച്ച് ‘സഞ്ചാർ സാഥി’ പോർട്ടലിൽ ലോഗിൻ ചെയ്യുക ‘സിറ്റിസൻ സെൻട്രിക് സർവീസസ്’ എന്നതിന് താഴെയുള്ള ‘ചക്ഷു’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ‘ചക്ഷു’ സേവനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, ‘കണ്ടിന്യൂ’ ക്ലിക്ക് ചെയ്യുക. സംശയാസ്പദമായ ഫോൺവിളിയുടേയും സന്ദേശങ്ങളുടേയും മീഡിയം, വിഭാഗം, സമയം എന്നിവ പോലുള്ള വിശദാംശങ്ങൾ ഉൾപ്പടെ നൽകി ഫോം പൂരിപ്പിക്കുക. വ്യക്തിഗത വിശദാംശങ്ങൾ ചേർക്കുക, ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്തതിന് ശേഷം, പരാതി സമർപ്പിക്കുക.
Discussion about this post