റിയോ ഡി ജനീറോ : ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴവിരുന്ന് ഒരുക്കി ബ്രസീൽ സർക്കാർ. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്റ്റേറ്റ് ഡിന്നർ ആണ് ബ്രസീൽ തയ്യാറാക്കുന്നത്. എന്നാൽ ബ്രസീലിന്റെ ഈ നീക്കം ചൈനയ്ക്ക് അത്ര രസിച്ചിട്ടില്ല എന്നാണ് ചൈനയിൽ നിന്നുമുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത ആഴ്ചയാണ് ബ്രസീലിൽ വെച്ച് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചു. ഇത് ആദ്യമായാണ് ചൈനീസ് പ്രസിഡണ്ട് ബ്രിക്സ് ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്നത്. ‘ഷെഡ്യൂൾ പ്രശ്‌നങ്ങൾ’ കാരണം ഷി ജിൻപിംഗ് പങ്കെടുക്കില്ല എന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ചൈനീസ് പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ലി ക്വിയാങ് നയിക്കുമെന്നാണ് കരുതപ്പെടുന്നത്.
ലുല-മോദി കൂടിക്കാഴ്ചയും അത്താഴവിരുന്നും മൂലം ഇന്ത്യൻ പ്രധാനമന്ത്രി കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റും എന്നാണ് ചൈന കരുതുന്നത്. മോദി കൂടുതൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയാൽ അദ്ദേഹം ഹീറോ ആയും ചൈനീസ് പ്രസിഡണ്ട് സഹനടനായും മാറും എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് സൂചിപ്പിക്കുന്നത്. ഈ ആശങ്ക മൂലമാണ് ചൈനീസ് പ്രസിഡണ്ട് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കുന്നത് എന്നാണ് ചൈനീസ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ. അതേസമയം ഈ വർഷം തന്നെ രണ്ടുതവണ ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിനാലാണ് ചൈനീസ് പ്രസിഡണ്ട് ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post